പദ്യസാഹിത്യചരിത്രം. എട്ടാമദ്ധ്യായം

പലതരം പാട്ടുകൾ

കവിയും കാലവും : മീനച്ചിൽ താലൂക്കിൽ രാമപുരം എന്നൊരു ഗ്രാമമുണ്ട്. ആ ഗ്രാമത്തിൽ ഉണ്ടായിരുന്ന വാര്യത്തെ ഒരു വാര്യരുടെ കൃതിയാണ് കുചേലവൃത്തം. ഇതിലധികമായി ഇതിൻ്റെ കർത്താവിനെപ്പറ്റി ഒന്നും അറിയുവാൻ കഴിയുന്നില്ല. തിരുവിതാംകൂറിൽ കൊല്ലം 933-ൽ നാടുനീങ്ങിയ മാർത്താണ്ഡവർമ്മയുടെ കാലത്താണ് പ്രസ്തുത കൃതി നിർമ്മിച്ചതെന്നു് അതിലെ ആദ്യഭാഗത്തു ചില പ്രസ്താവങ്ങൾ കൊണ്ട് തെളിയുന്നുണ്ട്. അദ്ദേഹത്തിൻ്റെ കല്പനയാണ് കാവ്യനിർമ്മാണത്തിനു പ്രേരണനല്കിയതെന്നുകൂടി കവി സൂചിപ്പിക്കാതിരിക്കുന്നില്ല. തിരുവിതാംകൂർരാജ്യസ്ഥാപകനായ ഈ മാർത്താണ്ഡവർമ്മയാണ് എട്ടുവീടരുടെ വംശവിച്ഛേദം വരുത്തിയതും, ശത്രുരാജാക്കന്മാരെ നശിപ്പിച്ചതും എന്നുള്ള കഥ ചരിത്രപ്രസിദ്ധമാണ്. ആ വസ്തുതയാണു്,

സ്വാമിദ്രോഹികടെ വംശവിച്ഛേദം വരുത്തിയതും
സ്വാമിത്രമന്നവന്മാരെ ദ്രവിപ്പിച്ചതും

എന്ന പ്രസ്താവത്തിൽ കവി സൂചിപ്പിക്കുന്നത്. “കാർത്തവീര്യൻ കഴിച്ചോണം ഭദ്രദീപപ്രതിഷ്ഠയും” എന്ന ഭാഗംകൊണ്ട് 919 മിഥുനത്തിൽ നടന്ന ആദ്യത്തെ ഭദ്രദീപത്തേയും സൂചിപ്പിച്ചിരിക്കുന്നു. എന്നാൽ 925-ൽ മഹാരാജാവു് രാജ്യം ശ്രീപത്മനാഭന് അടിയറവെച്ചതും, ഒന്നാമത്തെ മുറജപം ആരംഭിച്ചതും വളരെ പ്രാധാന്യമുള്ള കാര്യങ്ങളാണെങ്കിലും ഇതിൽ സൂചിപ്പിച്ചുകാണാത്തതുകൊണ്ട് 925-നു മുമ്പും 919 നു ശേഷവുമായിരിക്കണം കാവ്യനിർമ്മിതി എന്നു വേണം വിചാരിക്കുവാൻ. പി. ഗോവിന്ദപ്പിള്ളയുടെ ഭാഷാചരിത്രത്തിൽ കുചേലവൃത്തത്തിൻ്റെ ഉൽപ്പത്തിയെപ്പറ്റി പറയുന്നിടത്തു മാർത്താണ്ഡവർമ്മയുടെ പിൻഗാമിയായ കാർത്തികതിരുനാൾ മഹാരാജാവിൻ്റെ കല്പനയനുസരിച്ച് 945-ൽ നിർമ്മിച്ചിട്ടുള്ള കൃതിയാണിതെന്നു സൂചിപ്പിച്ചിട്ടുള്ളതു പ്രമാദജനകമെന്നേ കരുതേണ്ടതുള്ളൂ.