പദ്യസാഹിത്യചരിത്രം. എട്ടാമദ്ധ്യായം

പലതരം പാട്ടുകൾ

ഏഴാം മാളികമുകളിൽ ആഴിമകളുമൊരുമിച്ച് ഒരു കട്ടിലിന്മേൽ ഇരുന്നരുളുന്ന തമ്പുരാൻ തൻ്റെ വയസ്യനെ ദൂരത്തു കണ്ട്, ‘പള്ളിമഞ്ചത്തീന്നു വെക്കം ഉത്ഥാനംചെയ്തു താഴത്തെഴുന്നള്ളുക’യായി.

കണ്ടാലെത്ര കഷ്ടമെത്രയും മുഷിഞ്ഞ ജീർണ്ണവസ്ത്രം-
കൊണ്ടു തറ്റുടുത്തിട്ടുത്തരീയവുമിട്ടു
മുണ്ടിൽ പൊതിഞ്ഞ പൊതിയും മുഖ്യമായ പുസ്തകവും
രണ്ടുംകൂടെ കക്ഷത്തിങ്കലടക്കിക്കൊണ്ട്
ഭദ്രമായ ഭസ്മവും ധരിച്ചു നമസ്കാരകിണ-
മുദ്രയും മുഖരമായ പൊളിക്കുടയും
രുദ്രാക്ഷമാലയുമേന്തി നാമകീർത്തനവും ചെയ്തു
ചിദ്രൂപത്തിങ്കലുറച്ചു ചെഞ്ചെമ്മെ ചെല്ലും
അന്തണനെക്കണ്ടിട്ടു സന്തോഷംകൊണ്ടോ തസ്യ ദൈന്യം
ചിന്തിച്ചിട്ടുള്ളിലുണ്ടായ സന്താപംകൊണ്ടാ
എന്തുകൊണ്ടൊ കണ്ണുനീരണിഞ്ഞു ശൗരി, ധീരനായ
ചെന്താമരക്കണ്ണനുണ്ടോ കരഞ്ഞിട്ടുള്ളൂ?

ആ ചിരന്തനസഹൃത്തുക്കളെ എത്ര മനോജ്ഞമായി, ഭാവമധുരമായി കവി സഹൃദയന്മാരുടെ മുമ്പിൽ അവതരിപ്പിച്ചിരിക്കുന്നു! അനന്തരമുള്ള സ്വീകരണവും സംഭാഷണവും മധുരമധുരമെന്നേ പറയാവൂ. സംഭാഷണത്തിനിടയ്ക്കുതന്നെ ശ്രീകൃഷ്ണൻ,

വിശേഷങ്ങളിനിയും പറഞ്ഞുകൊള്ളാം ബന്ധംവിനാ
വിശക്കുന്നു നമുക്കതു സഹിച്ചുകൂടാ

എന്നു പ്രകൃതം മാറ്റുകയായി.