പദ്യസാഹിത്യചരിത്രം. എട്ടാമദ്ധ്യായം

പലതരം പാട്ടുകൾ

കൈകൊട്ടിക്കളിപ്പാട്ടുകൾ: പ്രാരംഭം – കിളിപ്പാട്ട്, വഞ്ചിപ്പാട്ട് മുതലായ കൈരളീഗാനങ്ങൾക്കൊപ്പം കേരളത്തിൽ പ്രചാരമുള്ള ഒരു സാഹിത്യശാഖയാണു് കൈകൊട്ടിക്കളിപ്പാട്ടുകൾ. പ്രാചീന രീതിയിൽ ഗ്രാമപ്രദേശങ്ങളിൽ അധിവസിക്കുന്ന മങ്കമാരാണ് ഇക്കാലങ്ങളിൽ ഇത്തരം ഗാനങ്ങൾ പാടിവരാറുള്ളത്. ഓരോ പ്രത്യേകസന്ദർഭങ്ങളിൽ, വിശേഷിച്ച് ചിങ്ങമാസത്തിലെ ഓണക്കാലത്തും, തിരുവാതിരനാളിലും, പൂരോത്സവകാലത്തും ഈവക ഗാനങ്ങൾ അവർ ചേതസ്സമാകർഷകമായ വിധത്തിൽ താളനൃത്തങ്ങളോടുകൂടി ഉദ്ഗാനം ചെയ്യുന്നത് കേൾക്കേണ്ട ഒന്നുതന്നെയാണു്. കേരള സംസ്കാരത്തിൻ്റെ ഒരു പ്രത്യേകതയായി ഇവയെ ഗണിക്കാമെന്നു തോന്നുന്നു. കവിതയും സഭ്യതയും ചിലതിൽ കുറവായിരിക്കും, എങ്കിലും അകൃത്രിമ മനോഹരങ്ങളായ ഈദൃശഗാനങ്ങളിലെ ശൈലിയും ആവിഷ്ക്കരണരീതിയും ഇന്നും അഭിനന്ദനാർഹമാണു്.

കൈകൊട്ടിക്കളിപ്പാട്ടുകളിൽ തിരുവാതിരപ്പാട്ടുകൾക്കാണ് കൂടുതൽ പ്രാധാന്യമെന്നു തോന്നുന്നു. “തീവ്രമായ തപോനിയമം അനുഷ്ഠിച്ചുകൊണ്ടിരിക്കുന്ന പാർവ്വതീദേവിക്ക് ആ തപസ്സിൻ്റെ ഫലമായി ശ്രീപരമേശ്വരൻ പ്രത്യക്ഷീഭവിച്ചു തന്റെ പത്നിയാക്കിക്കൊള്ളാമെന്നു വാഗ്ദാനം ചെയ്തതു് ധനുമാസത്തിലെ തിരുവാതിരനാളിലാണ്. ആ ദിവസത്തെ, അവിവാഹിതകളായ കന്യകമാർ ഭക്തിപൂർവ്വം ആഘോഷിക്കുന്നതിൻ്റെ ഒരു ചടങ്ങാണു് തിരുവാതിരക്കളി.”