പദ്യസാഹിത്യചരിത്രം. എട്ടാമദ്ധ്യായം

പലതരം പാട്ടുകൾ

കവികളും കൃതികളും: ഈ ശാഖയിൽപ്പെട്ട കൃതികളിൽ അധികമെണ്ണവും എഴുതിയിട്ടുള്ളത്, കൊല്ലവർഷം പത്താം ശതകത്തിൽ കൊച്ചി വടക്കാഞ്ചേരിയിൽ മച്ചാടുദേശത്തു ജീവിച്ചിരുന്ന ശാന്തമ്പിള്ളി നാരായണൻ ഇളയതാണെന്നു തോന്നുന്നു. വിദ്വാൻ മച്ചാട്ട് ഇളയതു് എന്ന പേരിൽ പ്രസിദ്ധനായിട്ടുള്ളതും ഇദ്ദേഹംതന്നെ. പാർവ്വതീസ്വയംവരം, രാസക്രീഡ, വസ്ത്രാപഹരണം, അംബരീഷ ചരിതം അഥവാ ഏകാദശീമാഹാത്മ്യം, സീതാസ്വയംവരം, ശാകുന്തളം എട്ടുവൃത്തം തുടങ്ങി ഒട്ടുവളരെ ഭാഷാഗാനങ്ങൾ അദ്ദേഹം രചിച്ചിട്ടുള്ളതായി അറിയുന്നുണ്ട്. കുഞ്ചൻനമ്പ്യാരുടെ രുഗ്മിണീസ്വയംവരം പത്തുവൃത്തവും, ശീലാവതി നാലുവൃത്തവും തിരുവാതിരപ്പാട്ടുകളിൽ വളരെ പ്രസിദ്ധിയുള്ള രണ്ടു കൃതികളാണു്. അരിപ്പാട്ടു കൊച്ചുഗോവിന്ദവാരിയരുടെ ശാകുന്തളം പതിന്നാലുവൃത്തം തുടങ്ങി വേറെയും പല കൃതികൾ ഈ ശാഖയിൽ പ്രസ്താവയോഗ്യങ്ങളായിട്ടുണ്ട്.

കവിതാരീതി: പ്രസന്നവും സ്വാഭാവികവുമായ ഒരു രീതിയാണ് ഈ വക കൃതികളിൽ പൊതുവെ കാണപ്പെടുന്നത്. ഓണപ്പാട്ടുകളിൽ “മാവേലി നാടുവാണീടും കാലം” പ്രസിദ്ധമാണല്ലോ. തിരുവാതിരക്കളിയിൽ ഏകാദശീമാഹാത്മ്യത്തിൽനിന്നും ഒരു ഭാഗം ഇവിടെ ഉദ്ധരിക്കാം : അംബരീഷൻ്റെ വ്രതഭംഗത്തെ കാംക്ഷിച്ചുകൊണ്ട് കാളിന്ദിയിൽ സ്നാനം ചെയ്യുന്ന ദുർവ്വാസാവിനെ വർണ്ണിച്ചിരിക്കയാണു്:

കാലാരിസംഭവനായ മുനീന്ദ്രൻ – കാളിന്ദിയിൽ ചെന്നിറങ്ങി പതുക്കെ
കാലുകഴുകിയും കണ്ണുതുടച്ചും – കാഷായ വസ്ത്രം നനച്ചുപിഴിഞ്ഞും
കാറ്റുമൊട്ടേറ്റു കടവിലിരുന്നും – കാളമാംതോയത്തിൽത്താണുകിടന്നും
കാലമൊട്ടങ്ങു കഴിഞ്ഞോരുനേരം – കാണാഞ്ഞു ഭൂപനു ചിന്തതുടങ്ങി.