പലതരം പാട്ടുകൾ
കരയേണ്ട രാധേ നീ കരഭോരു വന്നാലും
കരയുള്ളതല്ലയോ നിൻ്റെ വസ്ത്രം?
കളവാണി, കാലത്തെക്കളയാതെ വന്നാകിൽ
കളവല്ല നീളേ നിൻ ചേലനല്കാം…. (വസ്ത്രാപഹരണം)
എന്നു തുടങ്ങി ശ്രുതിമധുരങ്ങളായി പാടുന്ന പല ഗാനങ്ങളുടേയും നിരാഡംബരവും നിസ്സർഗ്ഗസുന്ദരവുമായ രീതിയെ ആരും അഭിനന്ദിക്കുകതന്നെ ചെയ്യും. നാട്ടിൻപുറങ്ങളിലെ ചില കുട്ടിമാൻമിഴിമാരുടെ സംരക്ഷണയിലാണു് ഇത്തരം ഗാനങ്ങൾ പലതും ഇപ്പോൾ സൂക്ഷിച്ചുവരുന്നത്. ഭാഷാപ്രണയികളെങ്കിലും അവയിൽ ഉത്തമങ്ങളായവയെ ഏറ്റുവാങ്ങി പരിരക്ഷിച്ചില്ലെങ്കിൽ കാലപ്രവാഹത്തിൽ – പരിഷ്കാര പ്രവാഹത്തിൽ – അവയെല്ലാം ഒലിച്ചുപോയേക്കാനിടയുണ്ട്. ഇപ്പോൾത്തന്നെ അത്തരം ഗാനങ്ങളും അവയ്ക്കു യോജിച്ച വിനോദങ്ങളും നാമാവശേഷമായിരിക്കയാണു്. * (‘പാട്ടുകൾ’ എന്ന പേരിൽ തൃശ്ശൂർ മംഗളോദയത്തിൽനിന്നും ഇവയിൽ ചിലതെല്ലാം പ്രസിദ്ധപ്പെടുത്തിയിട്ടുള്ളതു് ഈയവസരത്തിൽ അനുസ്മരിക്കാതിരിക്കുന്നില്ല.)