പലതരം പാട്ടുകൾ
മെയ്ക്കണിന്ത പീലിയും മയിൽമേൽത്തോന്നും മേനിയും
പിടിത്ത ദണ്ഡും കയ്യും മെയ്യും എന്നന്നേക്കും വാഴ്കവേ
വാഴ്ക വാഴ്ക നമ്മുടെ പരിഷയെല്ലാം ഭൂമിമേൽ
വഴികൂറായ് നടക്കവേണ്ടി വന്തവരോ നാമെല്ലാം
അഴിവുകാലം വന്നടുത്തു അലയുന്ന നിൻമക്കളെ
അഴിയായ് വണ്ണം കാത്തരുൾവാൻ കഴിവുപേശുക മാർത്തോമ്മാൻ
മലമേൽനിന്നു വേദ്യനമ്പു ചാർത്തിമാറി എന്നപോൽ
മൈൽ മേലേറി നിന്നനില കാണവേണം പന്തലിൽ
പട്ടുടൻ പണിപ്പുടവ പവിഴമുത്തുമാലയും
അലങ്കരിച്ച പന്തലിൽ വന്നുതകവേണം മാർത്തോമ്മാൻ
അലങ്കരിച്ച പന്തലിൽ വന്നെഴുന്നരുൾക മാർത്തോമ്മാൻ
അലങ്കരിച്ച പന്തലിൽ വന്നരുൾതരേണം മാർത്തോമ്മാൻ.
ഇതിലെ തമിൾമയമായ ഭാഷാപ്രയോഗം ശ്രദ്ധേയമാണ്. എന്നാൽ അനന്തരഭാഗങ്ങളിൽ ഇത്രതന്നെ തമിൾപദങ്ങൾ കാണുന്നില്ല. ചില വരികൾകൂടി ഉദ്ധരിക്കാം. പ്രേഷിതനായ തോമ്മ സ്വർഗ്ഗത്തിൽ നിർമ്മിച്ചിട്ടുള്ള രമ്യഹർമ്മ്യത്തെ വർണ്ണിച്ചു ചോഴപ്പെരുമാളെ കേൾപ്പിക്കുകയാണ് :
ചിത്രം വിചിത്രങ്ങളെത്ര മനോഹരം ആയതിലുണ്ടല്ലൊ കാണ്മാൻ
ചിന്തതെളിയും പടിയുള്ള വാതൽകൾ മുത്തോടു വൈരം പതിച്ച്
അൻപരിലൻപനിരിക്കുമാക്കോയിക്കൽ ഒൻപതു തട്ടുകളുണ്ട്
അന്തിയൊരിക്കലുമില്ലേയക്കോയിക്കൽ ചെന്നിടകൂടുന്നവർക്ക്
മൃത്യുവഴിയായി മർത്ത്യരതിൽ ചെന്നാൽ അല്ലലില്ലാ മഹാഭാഗ്യം
ആദിത്യരശ്മിയും നാണിക്കുമാറതിൽ മാണിക്കമായൊരു ദീപം
അതിനൊരു മന്ദമൊരിക്കലുമില്ലവെ നീയറി ചോഴായിതെല്ലാം (9-ാം പദ്യം)
ഇങ്ങനെ പല ഭാഗങ്ങളിലും ആരംഭത്തിലെ തമിഴ് രൂപം തീരെ കുറഞ്ഞുകാണുന്നു. സാഹിത്യപരിണാമത്തിൻ്റെ ഒരു പ്രാരംഭദശയെ കുറിക്കുന്ന പ്രസ്തുത കൃതിയിൽ സാഹിത്യഗുണത്തിനും വലിയ കുറവില്ലെന്നും ഉദ്ധൃതഭാഗങ്ങൾ തെളിവു നല്കുന്നുണ്ടല്ലൊ.