പലതരം പാട്ടുകൾ
കേരളത്തിലെ ക്നാനായ സുറിയാനി ക്രിസ്ത്യാനികളുടെ വിവാഹോത്സവങ്ങൾക്കു മാർഗ്ഗംകളി ഒരുകാലത്തു് ഒഴിച്ചുകൂടാത്ത ഒരു ചടങ്ങായിരുന്നു. കടുത്തുരുത്തി, കോട്ടയം എന്നീ പ്രദേശങ്ങളിലെ ക്നാനായ സുറിയാനിക്കാരുടെ ഇടയിലാണു് ഈ പാട്ടുകൾ പ്രചരിച്ചിരുന്നതെന്നുകൂടി പറഞ്ഞുകൊള്ളട്ടെ. സാധാരണയായി കല്യാണത്തിങ്കളാഴ്ച രാത്രിയിലാണ് ഈ ഗാനങ്ങൾ പാടാറുള്ളത്. സംഗീതസാഹിത്യങ്ങൾക്കു പുറമെ അഭിനയപരമായ ഒരു കലകൂടി മാർഗ്ഗംകളിയിൽ സമ്മേളിച്ചിട്ടുണ്ട്. ഈ കളിയുടെ ഉത്പത്തിക്കു കാരണമായ സംഗതി എന്തെന്നും ഇനിയും വ്യക്തമായിക്കഴിഞ്ഞിട്ടില്ല.
“പന്ത്രണ്ട് ആളുകൾ അരയും തലയും മുറുക്കി ശിരസ്സിൽ മയിൽപ്പീലി തിരുകി വിളക്കു ചുറ്റിനിന്നുകൊണ്ടാണു് ഈ കളി നടത്താറുള്ളത്. നമ്പൂതിരിമാരുടെ യാത്രക്കളിയോടു് ഏതാണ്ടൊരു സാമ്യം ഇതിനുണ്ടെന്നു കേട്ടിട്ടുണ്ട്. അതനുകരിച്ചാണു് ഈ കളി ഉണ്ടായതെന്നു വരാം. യാത്രക്കളിതന്നെ ബൗദ്ധന്മാരുടെ ആക്രമണം തടയാൻ വേണ്ടി ഉണ്ടാക്കപ്പെട്ടതാണെന്നാണു കേരളോൽപത്തിയിൽ കാണുന്ന ഐതിഹ്യം. ഈ ആക്രമണം പള്ളിബാണപ്പെരുമാളുടെ കാലത്തുണ്ടായതാകയാൽ അന്നത്തെ ബൗദ്ധർ സാക്ഷാൽ ഗൗതമബുദ്ധൻ്റെ അനുയായികളല്ലെന്നും പ്രത്യുത, ക്രിസ്ത്യാനികൾതന്നെയായിരുന്നുവെന്നും ഊഹിക്കേണ്ടിയിരിക്കുന്നു. എങ്കിലും യാത്രക്കളിയെ അനുകരിച്ചാണു് നസ്രാണികൾ മാർഗ്ഗംകളി കെട്ടിയുണ്ടാക്കിയതെന്നു തീർത്തുപറയാൻ നിവൃത്തിയില്ല. അതിൻ്റെ ഉല്പത്തി വേറൊരു വിധത്തിലാണെന്നും വരാം. തോമ്മാശ്ലീഹായെ സംബന്ധിച്ചു പ്രഖ്യാതമായ ഒരാട്ടക്കഥ ഉറഹ (Edessa) മുതലായ ദേശങ്ങളിൽ മൂന്നാംനൂറ്റാണ്ടു മുതൽക്കേ നടപ്പുണ്ടായിരുന്നു. ‘തൊമ്മായുടെ നടപടികൾ’ (Acts Thomas) എന്ന പ്രസിദ്ധ സുറിയാനിക്കൃതിയാണു്. ഈ കൃതി രംഗത്തിൽ അഭിനയിക്കുന്നതു് ഒരു പുണ്യകർമ്മമായും നാട്ടുകാർ കരുതിവന്നു. ഈ സ്ഥിതിക്കു കാലാന്തരത്തിൽ അവിടെനിന്നും വന്ന വിദേശനസ്രാണികൾ കൊണ്ടുവന്നതാണു് മാർഗ്ഗം കളിയുടെ മാതൃകയെന്നും വരാം. കൃതിയുടെ പഴക്കം ശരിയായി നിർണ്ണയിക്കാൻ തക്ക ലക്ഷ്യമൊന്നും ഇല്ലെങ്കിലും പോർട്ടുഗീസ് സമ്പർക്കത്തിനുമുമ്പുള്ള നമ്മുടെ ഒരു പൂർവ്വസ്വത്താണിതെന്നും അനുമാനിക്കുന്നതിൽ വലിയ അബദ്ധമില്ല.” * (കേരളത്തിലെ ക്രിസ്തീയസാഹിത്യം, പേജ് 57, 58.)
