പലതരം പാട്ടുകൾ
പ്രസ്തുത കൃതി ഇന്നും അജ്ഞാതകർത്തൃകമാണു്. 17-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന കല്ലുശ്ശേരി വെട്ടിക്കുന്നേൽ ഇട്ടിത്തൊമ്മൻ കത്തനാരുടെ കൃതിയാണിതെന്നു ചിലർ പറഞ്ഞുകേട്ടിട്ടുണ്ടു്. എങ്കിലും, ഈ കൃതിയുടെ ആദ്യഭാഗങ്ങളിലെ ഭാഷയ്ക്കു 17-ാം നൂറ്റാണ്ടിനേക്കാൾ പഴക്കം തോന്നിക്കുന്നു. പാട്ടിൻ്റെ ആദ്യത്തെ ഭാഗങ്ങളിൽ കാണുന്ന ഈ ഭാഷാവൈജാത്യം – തമിഴിൻ്റെ കൂടുതൽ കുറവു – പ്രസ്തുത കൃതി ഓരോ കാലത്തായി എഴുതിയതിനേയോ, മാറ്റങ്ങൾ വരുത്തിയതിനേയോ സൂചിപ്പിക്കുകയാണു ചെയ്യുന്നതെന്നു കരുതാവുന്നതാണു.
കല്യാണപ്പാട്ടുകൾ: മാർഗ്ഗംകളിപ്പാട്ടുപോലെതന്നെ കല്യാണത്തിൻ്റെ ഓരോ ചടങ്ങിലും പാടുന്ന ഗാനങ്ങൾ വേറെയുമുണ്ട്. പ്രാചീനരീതിയിലുള്ള കല്യാണത്തിൻ്റെ സമ്പ്രദായങ്ങളെ അനുസ്മരിപ്പിക്കുന്നവയാണ് അവയെല്ലാം. പലതും വളരെ രസാവഹവുമാണു്. കല്യാണത്തിൻ്റെ നാലാംദിവസം രാത്രി, നവദമ്പതികൾ മണവറപൂകി വാതിൽ ബന്ധിച്ച് ആനന്ദാനുഭൂതികളിൽ മുഴുകിക്കഴിയുമ്പോൾ, പുലരിയിലായിരിക്കണമെന്നു തോന്നുന്നു, ബന്ധുജനങ്ങൾ മണവാളനോടു വാതിൽ തുറക്കാൻ അഭ്യർത്ഥിക്കുന്ന ഒരു പാട്ടുണ്ട്; അടച്ചുതുറപ്പാട്ടു്. അമ്മാവി മണിമോതിരക്കയ്യുകൊണ്ടും, നാത്തൂൻ പൂമോതിരക്കയ്യുകൊണ്ടും വാതിലിൽ മുട്ടിപ്പാടുന്നു. പെറ്റ തായാർ, നടയിൽ മണിവിളക്കും പിടിച്ചു വാതിലിൽ മുട്ടുന്നു. എന്തൊരു കോലാഹലം! പാട്ടുതന്നെ ഉദ്ധരിക്കാം:
മങ്കതങ്കം മണവറയിൽ മണവാളൻ കതകടച്ചു
എങ്കം പുകൾപെറ്റവനേ എന്നുടയ മണവാളാ!
സന്തോഷാൽ മാവിതാനും തന്നുടയ മങ്കമാരും
താശിയോടെ നീയടച്ച മണവറേടെ വാതിൽ ചുറ്റും
പോരാരംപൂണ്ടൊരു പെരും തായാർ വന്നു വാതിൽമുട്ടി
മണിമോതിരക്കയ്യാലെ മാവി വന്നു വാതിൽ മുട്ടി