പലതരം പാട്ടുകൾ
പൂമോതിരക്കയ്യാലെ നാത്തൂൻ വന്നു വാതിൽമുട്ടി
ഉറ്റോരു ചേടത്തി വന്നങ്ങുതവിയോടെ വാതിൽമുട്ടി
പെറ്റതായാർ മണിവിളക്കും പിടിച്ചുവന്നു വാതിൽമുട്ടി….
എൻമകനേ മണവാളാ! മണവറതൻ വാതിൽ തുറ
മണവാളനുറക്കമെങ്കിൽ തോഴർ വന്നു വാതിൽതുറ
വാതിൽ തുറപ്പിൻ, പുറപ്പെടുവിൻ, നീരാടുവാൻ നേരമായി.
ഇതുപോലെ എണ്ണപ്പാട്ട്, കുളിപ്പാട്ട്, ചന്തം ചാർത്തു് മുതലായി കല്യാണത്തിൻ്റെ ആദ്യവസാനമുള്ള ഓരോ പടങ്ങുകളിലും ഉപയോഗിക്കുന്ന പാട്ടുകൾ പ്രത്യേകം പ്രത്യേകമുണ്ട്. ഓരോന്നും രസകരമെന്നുമാത്രം പറയുവാനേ നിവൃത്തിയുള്ളു.
റമ്പാൻ പാട്ടു്: മാർഗ്ഗംകളിപ്പാട്ടിനോളം പ്രാധാന്യമില്ലെങ്കിലും. മാർത്തോമ്മയുടെ ചരിതം സംഗ്രഹിച്ചെഴുതിയിട്ടുള്ള മറ്റൊരു പ്രാചീനകൃതിയുമുണ്ട്; റമ്പാൻപാട്ട്. ഇത് മാളിയേക്കൽ തോമ എന്നു പേരായ ഒരു കേരളീയവൈദികൻ്റെ കൃതിയെ, തോമ എന്നുതന്നെ പേരായ അതേ ഗോത്രത്തിലെ മറ്റൊരു വൈദികൻ – റമ്പാൻ – സംഗ്രഹിച്ചിട്ടുള്ളതാണത്രെ.
അമ്പാൽ മാളിയേക്കൽ രണ്ടാംതോമ്മറമ്പാൻ ചെയ്തൊരു ചരിതമതിൽ
പിരിവുകൾ മാറ്റീട്ടെളുതായീവിധമെളിയവരറിവാൻ പാടി
എന്നും,
ഓരായിരമൊടുറുനൂറ്റൊന്നാം കർക്കടകം മൂന്നാംദിവസം
ആരാധനയോടിവയെല്ലാവരും അറിവാൻ ദൈവം കൃപചെയ്ക
എന്നും മറ്റുമുള്ള ഭാഗങ്ങളിൽനിന്നു ക്രിസ്തുവർഷം 1601 നും കൊല്ലവഷം 776-ലാണു് ഈ സംഗ്രഹം ഉണ്ടായിട്ടുള്ളതെന്നു വെളിപ്പെടുന്നു.
