പദ്യസാഹിത്യചരിത്രം. എട്ടാമദ്ധ്യായം

പലതരം പാട്ടുകൾ

പള്ളിപ്പാട്ടുകൾ: കേരളത്തിലെ പഴയ പള്ളികൾ ഓരോന്നിനെ സംബന്ധിച്ചും പ്രത്യേകം പ്രത്യേകമായി പാട്ടുകൾ രചിച്ചിട്ടുണ്ട്. കടുത്തുരുത്തി, കോട്ടയം തുടങ്ങിയ പള്ളികളുടെ പാട്ടുകളിൽ, അന്നത്തെ രാജാക്കന്മാരും പ്രഭുക്കന്മാരും ക്രിസ്ത്യാനികൾക്കു ചെയ്തുകൊടുത്തിട്ടുള്ള ആനുകൂല്യങ്ങളേയും മറ്റും പറ്റി പ്രസ്താവിച്ചുകാണുന്നു.

അണ്ണാവിപ്പാട്ടുകൾ : മേല്പറഞ്ഞ പാട്ടുകളുടെ കാലത്തോടടുത്തുതന്നെ ഉത്ഭവിച്ചിട്ടുള്ളവയും, പശ്ചിമപയോധിയുടെ തീരത്തോടടുത്തു വസിച്ചിരുന്ന ക്രിസ്ത്യാനികളുടെ ഇടയിൽ കൂടുതൽ പ്രചരിച്ചിരുന്നവയുമായ ചില പുരാതന പാട്ടുകളെപ്പറ്റിയും ചില സംഗതികൾ അറിയുവാൻ സാധിച്ചിട്ടുണ്ട്. ‘അണ്ണാവിമാർ’ എന്നു പറഞ്ഞുവരുന്ന നാട്ടാശാന്മാർ നിർമ്മിച്ച് അവരുടെ ശിഷ്യപരമ്പരയെ അഭ്യസിപ്പിച്ചുപോന്നിരുന്നവയാണ് പ്രസ്തുത ഗാനങ്ങൾ. അതിനാൽ ഇവയ്ക്ക് ‘അണ്ണാവിപ്പാട്ടുകൾ’ എന്നുകൂടി പേർ പറഞ്ഞുവരുന്നു. ഈ പാട്ടുകളിൽ ചിലതു പരിശകളിക്കാർ പാടി അഭിനയിച്ചുവന്നിരുന്നതിനാൽ ‘പരിശകളിപ്പാട്ടുകൾ’ എന്ന സംജ്ഞയും ഇവയ്ക്കു യോജിക്കായ്കയില്ല. കൊച്ചിയിലും അതിൻ്റെ ഏതാനും മൈൽ ദൂരത്തിൽ തെക്കും വടക്കുമുള്ള പരിസരങ്ങളിലും ജീവിച്ചിരുന്ന അണ്ണാവിമാരാണു പ്രസ്തുത പാട്ടുകളിൽ മിക്കവയുടേയും കർത്താക്കൾ. ക്രിസ്തുവിൻ്റെ പീഡാനുഭവത്തെ വർണ്ണിക്കുന്ന ഒരു കൃതിയിലെ ചില വരികൾ നോക്കുക:

മരത്താൽവന്ന പിഴൈ മരത്താലകറ്റുവാൻ
മരത്തിലേറി വാനം പൂകിയോരേശുനാഥ!
നിനവിൽപ്പോലും നരൻ ചെയ്തിടും വിനൈകളെ
നിനയ്ക്കാതിവരെ നീ തുണയ്ക്കു കർത്തനീശോ!

ഈ കൃതിക്കു മാർ​ഗ്​ഗംകളിപ്പാട്ടിൻ്റെ കാലത്തോടടുത്ത പ്രാചീനത്വം തോന്നുന്നുണ്ട്. ഭാഷയും രചനയും പൊതുവേ അഭിനന്ദനീയമാണു്.