പദ്യസാഹിത്യചരിത്രം. എട്ടാമദ്ധ്യായം

പലതരം പാട്ടുകൾ

വീരപത്നി: അണ്ണാവിപ്പാട്ടുകളിൽ അഥവാ പരിശകളിപ്പാട്ടുകളിൽ, ‘വീരപത്നി’ എന്ന കൃതി വളരെ പ്രാധാന്യമർഹിക്കുന്നുണ്ട്. പേരുകൊണ്ടുതന്നെ ഇതൊരു വീരചരിതമാണെന്നു വ്യക്തമാകുന്നുണ്ടല്ലോ. പെരുമ്പടപ്പുരാജാവിൻ്റെ പടത്തലവന്മാരിൽ അഗ്രഗണ്യനായിരുന്ന മഹോദയപുരത്തു കളത്തുങ്കൽ വർക്കിയുടെ ഭാര്യയത്രെ, ഇതിലെ നായിക. സൗന്ദര്യത്തിലും സൗശീല്യത്തിലും ഒന്നുപോലെ പ്രഖ്യാതയായിരുന്ന ഈ വീരവനിത പൂർണ്ണഗർഭിണിയായിരുന്ന കാലത്തു കോഴിക്കോടും പെരുമ്പടപ്പും തമ്മിൽ ഒരു ഘോരസമരമാരംഭിച്ചു. ഈ സമരത്തിൽ സാമൂതിരിയുമായി പോരാടുവാൻ രാജകല്പനയനുസരിച്ചു വർക്കി പുറപ്പെട്ടു. യുദ്ധം മൂന്നുനാലുമാസം നീണ്ടുനിന്നു; ഒടുവിൽ സാമൂതിരി നിശ്ശേഷം പരാജിതനായി. പരാജയത്തിനുള്ള കാരണങ്ങളെ പ്രാശ്നികനെക്കൊണ്ടു ഗണിപ്പിച്ചു നോക്കിയതിൽ, വർക്കിക്ക് അനുകൂലപത്നി സ്വാധീനമായിരിക്കുന്ന കാലംവരെ, അവനെ തോല്പിക്കുവാൻ വിഷമമാണെന്നു ദൈവജ്ഞന്മാർ വിധികല്പിച്ചു. അതിനാൽ ആ സാധ്വീരത്നത്തെ അപഹരിക്കുവാൻ സമർത്ഥന്മാരായ ഏതാനും മഹമ്മദീയഭടന്മാർ സാമൂതിരിയുടെ കല്പനപ്രകാരം പുറപ്പെട്ടു. അർദ്ധരാത്രിയിൽ അവർ വർക്കിയുടെ ഗൃഹത്തിലെത്തി. തങ്ങൾ വർക്കിയുടെ സഹൃത്തുക്കളാണെന്നും മറ്റും പറഞ്ഞ് ആ സാധ്വിയെ വിശ്വസിപ്പിച്ച് അവിടെ കടന്നുകൂടി. ഒടുവിൽ അവളെ പിടിച്ചുകൊണ്ടു പോകുവാനാണു അവർ ഉദ്യമിച്ചത്. എന്നാൽ ധീരയായ അവൾ മാനഭംഗം വരാതെ ഒരുവിധത്തിൽ രക്ഷപ്പെട്ടു. ഇതിനിടയിൽ മൂന്നുമാസം മാത്രം പ്രായമായിരുന്ന അവളുടെ കുഞ്ഞ് ആ കരാളന്മാരുടെ കൈയിൽ അകപ്പെടുകയും, അവർ ആ പൈതലിനെ ഞെക്കിക്കൊല്ലുകയും ചെയ്തു. യുദ്ധത്തിൽ വിജയിയായിത്തീർന്ന വർക്കി പ്രഭാതത്തിൽ സ്വഗൃഹത്തിൽ എത്തിയപ്പോൾ കണ്ട കാഴ്ച മർമ്മഭേദകമായിരുന്നു. എന്നാൽ ആ വീരാഗ്രണി കൂസലെന്യേ കൊന്ന ശിശുവിൻ്റെ പ്രേതത്തെ ആ നിഷ്ഠൂരന്മാരെക്കൊണ്ടുതന്നെ തീറ്റിക്കുകയും, അവസാനത്തിൽ അവരെ വധിക്കുകയും ചെയ്തു. ഈ സംഭവങ്ങൾ എല്ലാം മനസ്സിലാക്കിയ പെരുമ്പടപ്പുമൂപ്പീന്നു വർക്കിക്കു പല സമ്മാനങ്ങളും, വർക്കിയുടെ വീരപത്നിക്കു വീരശൃംഖലയും കല്പിച്ചു സമ്മാനിച്ചു. ഇതാണു വീരപത്നിയിലെ കഥാവസ്തു. വർണ്ണനകൾ എല്ലാം വളരെ ഹൃദ്യമായിട്ടുണ്ടു്. വർക്കി സ്വഭാര്യയെ വിട്ടുപിരിയുന്ന രംഗം നോക്കുക: