പാട്ടുകൾ
നിരണംകവികൾ: മദ്ധ്യകാലമലയാളത്തിൽ ഉദിച്ചുയർന്നിട്ടുള്ളതും ‘പാട്ടു’ ശാഖയിൽ ഉൾപ്പെട്ടിട്ടുള്ളതുമായ ഭാഷാകൃതികളെപ്പറ്റിയാണു് ഇനി അല്പം ആലോചിക്കുവാനുള്ളത്. ഭാഷയുടെ ആദ്യഘട്ടത്തിൽ, അഥവാ കരിന്തമിഴുകാലത്തിൽ, ഉണ്ടായ രാമചരിതത്തിനുശേഷം ഈ ശാഖയിൽ ഉത്ഭവിച്ചിട്ടുള്ള മുഖ്യ കൃതികൾ കണ്ണശ്ശപ്പണിക്കരുടേതാണു്. 15-ാം ശതകത്തിൽ ജീവിച്ചിരുന്ന മാധവപ്പണിക്കർ, ശങ്കരപ്പണിക്കർ, രാമപ്പണിക്കർ എന്നീ മൂന്നുപേരെയാണു കണ്ണശ്ശപ്പണിക്കന്മാർ എന്ന പദംകൊണ്ടു നിർദ്ദേശിക്കുന്നത്. രാമപ്പണിക്കരുടെ ഗുരുവരനും ഉഭയകവീശ്വരനുമായി ‘കരുണേശൻ’ എന്ന ഒരു വിഖ്യാതപുരുഷൻ ഉണ്ടായിരുന്നതായി കണ്ണശ്ശരാമായണത്തിൽ ഒരിടത്തു പ്രസ്താവിച്ചുകാണുന്നു. പ്രസ്തുത കരുണേശൻതന്നെയാണത്രെ കണ്ണശ്ശനായിത്തീർന്നത്. ഈ കവികളുടെ കുലകൂടസ്ഥനും അദ്ദേഹമായിരുന്നുവെന്നു വിശ്വസിച്ചുപോരുന്നു. തന്മൂലം അദ്ദേഹത്തിൻ്റെ പിൻഗാമികളായിത്തീന്ന മേല്പറഞ്ഞ മൂന്നു കവികളേയും കണ്ണശ്ശന്മാർ എന്ന പദംകൊണ്ടു വ്യവഹരിക്കുവാനും ഇടയായി. എന്നുവരികിലും കണ്ണശ്ശൻ എന്ന പദംകൊണ്ടു വിശ്രുതനായിത്തീർന്ന കവി രാമപ്പണിക്കരാണു്. തിരുവല്ലാ ത്താലൂക്കിലുള്ള നിരണമാണ് ഇവരുടെ സ്വദേശം. അതിനാൽ ഈ കവികളെ നിരണംകവികൾ എന്നുകൂടി പറഞ്ഞുവരാറുണ്ട്.
രാമചരിതകാലത്തു കേവലം കരിന്തമിഴായി കഴിഞ്ഞിരുന്ന മലയാളഭാഷയെ അതിൽനിന്നും അല്പാല്പമായി വേർപെടുത്തി സംസ്കൃതപദപ്രയോഗംകൊണ്ടു മോടികൂട്ടി മലയാള ഭാഷയ്ക്കു നവമായ ഒരു ചൈതന്യത്തെ പ്രദാനം ചെയ്ത കവി വരന്മാരാണു നിരണം ദേശീയരായ ഈ കണ്ണശ്ശപ്പണിക്കന്മാർ. ദ്രമിഡസംഘാതാക്ഷരനിബന്ധവും, എതുക, മോന വൃത്തവിശേഷണയുക്തവുമായ പാട്ടിൽ സംസ്കൃതപദങ്ങൾകൂടി കലർത്തി അതിനു വേണ്ടത്ര അന്തസ്സാരവും ഗൗരവവുമുളവാക്കുവാൻ ഈ മഹാകവികൾ കാര്യമായി യത്നിച്ചു. ഇവരുടെ കാവ്യവ്യവസായത്തോടുകൂടിയാണ് പാട്ട് എന്ന കാവ്യശാഖയ്ക്കു വേണ്ടത്ര കാമ്പും കരുത്തും ഉണ്ടായിട്ടുള്ളത്. അക്കാലത്തെ മണിപ്രവാളകൃതികൾക്കൊപ്പമായ അന്തസ്സും മാന്യതയും ഇവരുടെ കൃതികൾക്കും നല്കാവുന്നതുതന്നെയാണു്.