പാട്ടുകൾ
അംബുജപത്രമനോഹരനേത്രാവന്യോന്യം തുല്യൗനരവീരൗ
സമ്പ്രതി താപസവേഷൗ ദേവസമാനൗ ചാപധരൗ ശരപാണീ
മുമ്പൊരുനാളിഹ കണ്ടറിയോം നാം മുഖ്യഗുണാകരരായ ഭവന്തൗ
തുമ്പമടുപ്പവർകൾക്കില്ലാക്കിയ സുകുമാരൗ നരസിംഹസമാനൗ
ധാരാധരനീകരൈരഭിഷിക്ത ധരാധരമിതു ശോഭിപ്പതു പാരായ്
നേരേ വാനരരാലഭിഷിക്ത ദിവാകരസുത സുഗ്രീവനു നേരായ്
പുഷ്കരപത്രമനോഹരനേത്രേ പൂർണ്ണശശാങ്കനി ഭാനനരമ്യേ,
എന്നും മറ്റും പ്രയോഗിച്ചിരിക്കുന്നതു കാണുമ്പോൾ, മലയാളത്തിലെ മണിപ്രവാളത്തിൻ്റെ മാർഗ്ഗദർശികൾ – പാട്ടുശാഖയിലെ മണിപ്രവാളരൂപത്തിൻ്റെ മാർഗ്ഗദർശികൾ – കണ്ണശ്ശന്മാരായിരുന്നുവെന്നു് ആരും ഉച്ചൈസ്തരം ഉൽഘോഷിക്കുകതന്നെ ചെയ്യും . ഏതുകൊണ്ടും കണ്ണശ്ശൻ കൃതികൾ ഭാഷാകവിതയുടെ ഒരു പരിവർത്തനത്തെയാണു വിളംബരം ചെയ്യുന്നതെന്നു പറയുവാൻ മടിക്കേണ്ടതില്ല.
ഭാഗവതം, ഭാരതം തുടങ്ങിയ കണ്ണശ്ശൻകൃതികളെപ്പറ്റി ഇതിനുമുമ്പു സൂചിപ്പിച്ചുവല്ലോ. വിസ്തരഭയത്താൽ അവയെക്കുറിച്ചു മറ്റൊന്നും പറയുവാൻ മുതിരുന്നില്ല. കണ്ണശ്ശപ്പണിക്കരുടെ കൃതികളെല്ലാംതന്നെ ‘ശ്രീമൂലം മലയാളഭാഷാ ഗ്രന്ഥാവലി’യിൽ ചേർത്തു തിരുവിതാംകൂർ ഗവണ്മെൻ്റ് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.