പാട്ടുകൾ
കൃഷ്ണഗാഥ: കണ്ണശ്ശപ്പണിക്കർക്കുശേഷം ഭാഷാപദ്യസാഹിത്യത്തിൻ്റെ ഈ ഗാനശാഖയെ ഏറ്റവും വിശിഷ്ടവും വിദ്യോതമാനവുമായ രീതിയിൽ പരിപോഷിപ്പിച്ചിട്ടുള്ളതു ചെറുശ്ശേരിനമ്പൂരിയത്രെ. കൃഷ്ണഗാഥ അല്ലെങ്കിൽ കൃഷ്ണപ്പാട്ട് എന്നതാണു് ഈ മഹാകവിയുടെ സുപ്രസിദ്ധകൃതി. സാഹിത്യപഞ്ചാനനൻ പി. കെ. നാരായണപിള്ളയുടെ ഭാഷയിൽ പറഞ്ഞാൽ, കേരളഭാഷാവനിതയ്ക്കുള്ള ആഭരണങ്ങളിൽ ഏറ്റവും പഴക്കവും തിളക്കവും കൂടുന്ന ഒന്നാണ് പ്രസ്തുത കൃതി.
കവിയും കാലവും : ചെറുശ്ശേരിയാണു് കൃഷ്ണഗാഥയുടെ കർത്താവെന്നു പ്രസ്താവിച്ചുവല്ലൊ. എന്നാൽ ഈ വിഷയത്തിൽ പല പക്ഷാന്തരങ്ങളുമുണ്ടായിട്ടുണ്ട്. ഭാഷാചരിത്രകർത്താവായ പി. ഗോവിന്ദപ്പിള്ളയാണ് കൃഷ്ണഗാഥയുടെ കർത്താവ് ചെറുശ്ശേരിയാണെന്നുള്ള അഭിപ്രായം ആദ്യമായി പ്രകാശിപ്പിച്ചത്. കോലത്തുനാടു ഭരിച്ചിരുന്ന ഉദയവർമ്മരാജാവും കവിയും ഒരുമിച്ചു് ഒരിക്കൽ ചതുരംഗം കളിച്ചുകൊണ്ടിരുന്നുവെന്നും, കളിയിൽ രാജാവിനു് അടിയറവു സംഭവിക്കുമെന്നു്, കുട്ടിയെ തൊട്ടിലിൽ കിടത്തി താരാട്ടുപാടിക്കൊണ്ടിരുന്ന വിദുഷിയായ രാജ്ഞി മനസ്സിലാക്കി, താരാട്ടിൻ്റെ രീതിയിൽത്തന്നെ ‘ഉന്തുന്തു’ എന്നു തുടങ്ങി ‘ആളെ ഉന്തു’ എന്നവസാനിക്കുന്ന ഒരു പാട്ടുപാടിയെന്നും, പാട്ടിൻ്റെ ആന്തരാർത്ഥം മനസ്സിലാക്കിയ രാജാവ്, ആൾക്കരുവിനെ വെട്ടിമാറ്റി കളിച്ചു ജയിച്ചുവെന്നും, പിന്നീടു രാജ്ഞി പാടിയ താരാട്ടുരീതിയിൽ സ്ത്രീകൾക്കു പാടുവാൻവേണ്ടി ഭാഗവതം ദശമത്തിലെ കഥ രചിക്കണമെന്നു രാജാവു് കവിയോടാവശ്യപ്പെട്ടുവെന്നും, അതനുസരിച്ചു രചിച്ചതാണു കൃഷ്ണഗാഥ എന്നുമായിരുന്നു ഇതിൻ്റെ ഉത്ഭവത്തെപ്പറ്റി ഗോവിന്ദപ്പിള്ള അന്നു പ്രസ്താവിച്ചിരുന്നതു്. വളരെക്കാലത്തേക്കു ഭാഷാചരിത്രകാരൻ്റെ ഈ അഭിപ്രായത്തിൽ ആരും എതിരഭിപ്രായമൊന്നും പുറപ്പെടുവിച്ചിരുന്നില്ല. എന്നാൽ പിന്നീടു വടക്കേ മലബാറിൽ നിന്നു കടത്തനാട്ടു പോർളാതിരി ഉദയവർമ്മതമ്പുരാൻ, ഇരവനാട്ടു കെ. സി. നാരായണൻ നമ്പ്യാർ എന്നിവർ ‘കവനോദയം’ എന്നൊരു മാസിക ആരംഭിച്ചപ്പോൾ അതിൽ, കൃഷ്ണഗാഥയുടെ കർത്താവു ചെറുശ്ശേരിയല്ലെന്നും, പുനം നമ്പൂരിയാണെന്നും ഒരു പുതിയ അഭിപ്രായം പുറപ്പെടുവിക്കുകയുണ്ടായി. വടക്കേമല ബാറിൽ ചെറുശ്ശേരി എന്നൊരില്ലമേ ഇല്ലെന്നും, ചെറുശ്ശേരി എന്നൊരു കവിയുണ്ടായിരുന്നെങ്കിൽ ചന്ദ്രോത്സവകാരൻ അദ്ദേഹത്തെപ്പറ്റി സ്മരിക്കുമായിരുന്നെന്നും, നേരേമറിച്ചു, പുനത്തെപ്പറ്റി ചന്ദ്രോത്സവത്തിൽ സ്മരിച്ചിട്ടുണ്ടെന്നും മറ്റുമുള്ള ചില ന്യായങ്ങളെ ആസ്പദമാക്കിയാണു. കൃഷ്ണഗാഥയുടെ കർത്താവു പുനമാണെന്നു കവനോദയപ്രവർത്തകന്മാർ വാദിച്ചതു്. കവനോദയക്കാരുടെ വാദമുഖങ്ങൾ ഓരോന്നും ഒരു പ്രാഡ്വിപാകൻ്റെ നിലയിൽനിന്നുകൊണ്ടു സാഹിത്യപഞ്ചാനനൻ പി കെ. വിശകലനം ചെയ്ത് ഉചിതമായ രീതിയിൽ ഖണ്ഡിച്ചു കൃഷ്ണഗാഥയുടെ കർത്താവു് ചെറുശ്ശേരിയാണെന്നു പുനഃസ്ഥാപിക്കുകയുണ്ടായി. എന്നാൽ അതുകൊണ്ടും ആ വാദം അവസാനിച്ചില്ല. ‘രസികരഞ്ജിനി’യിൽ കൊച്ചി രാമവർമ്മ അപ്പൻ തമ്പുരാനും, ‘ആത്മപോഷിണി’യിൽ കുണ്ടൂർ നാരായണ മേനോനും, കൃഷ്ണഗാഥയുടെ കർത്താവു പുനമാണെന്നു വീണ്ടും വാദിക്കുകയുണ്ടായി. പൂന്താനമാണ് ഗാഥയുടെ കർത്താവെന്നു മറ്റൊരഭിപ്രായം സി. ഐ. രാമൻനായരും പുറപ്പെടുവിക്കാതിരുന്നിട്ടില്ല.