പദ്യസാഹിത്യചരിത്രം. ആറാമദ്ധ്യായം

പാട്ടുകൾ

ഇങ്ങനെ ഈ വിഷയത്തെപ്പറ്റി പല വിവാദങ്ങളും ഇതിനകം നടന്നിട്ടുണ്ട്. എന്നാൽ ഗാഥയുടെ കർത്താവു് ആരെന്നോ, അദ്ദേഹത്തിൻ്റെ നാമധേയമെന്തെന്നോ, ജീവിതകാലമേതെന്നോ ഇനിയും ഖണ്ഡിതമായി നിർണ്ണയിക്കാൻ ആർക്കും കഴിഞ്ഞിട്ടുമില്ല. ഏതൽസംബന്ധമായി ടി. ബാലകൃഷ്ണൻനായർ ബി. എ. ചിറയ്ക്കൽ കോവിലകത്തുനിന്നു സമ്പാദിച്ച ചില രേഖകളെ അടിസ്ഥാനമാക്കി ഏതാനും വിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുള്ളതിൽ ഒരു ഭാഗം ഇവിടെ പ്രസ്താവയോഗ്യമായി തോന്നുന്നു:

‘കൊല്ലവർഷം’ 621 മുതൽ 640 വരെ കോലത്തിരിരാജ്യം ഭരിച്ചിരുന്നത് ഉദയവർമ്മ എന്ന രാജപുംഗവനത്രെ. അദ്ദേഹത്തിൻ്റെ ആശ്രിതന്മാരായി പൊനത്തിൽ ശങ്കരൻനമ്പിടി (നമ്പൂരി) എന്നും, പൊനത്തിൽ കുഞ്ഞിനമ്പിടി എന്നും രണ്ടുപേർ ഉണ്ടായിരുന്നതായി ‘ചിറയ്ക്കൽ കോലോം പട്ടോലച്ചാർത്തി’ൻ്റെ പകർപ്പിൽ കാണുന്നു. 627-ൽ സാമൂതിരിയും കോലത്തിരിയും തമ്മിൽ ഒരു സന്ധി നടന്നു. 629-ൽ ശങ്കരൻനമ്പിടിക്കു കോലത്തിരി ചില സ്ഥാനമാനങ്ങൾ കല്പിച്ചു കൊടുക്കുകയും കുഞ്ഞിനമ്പിടിയെ സാമുതിരിക്കോവിലകത്തേക്കു കല്പിച്ചയയ്ക്കുകയും ചെയ്തിട്ടുള്ളതായി പ്രസ്തുത രേഖയിൽനിന്നു വ്യക്തമാകുന്നുണ്ട്. ഇങ്ങനെ സാമൂതിരിക്കോവിലകത്തെത്തിയ പൊനത്തിൽ നമ്പിടിയായിരിക്കാം, പക്ഷേ, ചമ്പുക്കളുടെ കർത്താവായ ‘അരക്കവി’. കോലരൂപൻ്റെ ആജ്ഞയനുസരിച്ചുണ്ടാക്കിയ കൃഷ്ണപ്പാട്ട് പൊനത്തിൽ ശങ്കരൻനമ്പിടിയുടെ കൃതിയാണെന്നു്, കൃഷ്ണഗാഥയുടെ ചില താളിയോലഗ്രന്ഥങ്ങൾകൊണ്ട് പ്രത്യക്ഷപ്പെടുന്നു. അതിനാൽ ഗാഥയുടെ കർത്താവു് പൊനത്തിൽ ശങ്കരൻനമ്പൂരിയും. അദ്ദേഹത്തിന്റെ ജീവിതകാലം കൊല്ലം 700-നുമുമ്പും ആണെന്നു നിർവ്വിവാദമായിപ്പറയാം.