പാട്ടുകൾ
621 മുതൽ 650 വരെ രാജ്യം ഭരിച്ച കോലത്തിരി ഉദയവർമ്മയുടെ കാലത്താണു കൃഷ്ണഗാഥയുടെ നിർമ്മാണമെന്നു മഹാകവി ഉള്ളൂർ സിദ്ധാന്തിക്കുന്നതും * (കേരളസാഹിത്യചരിത്രം, രണ്ടാം ഭാഗം, പേജ് 126.) ഇവിടെ പ്രസ്താവയോഗ്യമാണ്. പക്ഷേ, ഒരു സംശയം പിന്നെയും വന്നുചേരുന്നു. പുനം, ഉദ്ദണ്ഡൻ, ശങ്കരൻ മുതലായവർ സമകാലികന്മാരായിരുന്നുവെന്നാണല്ലോ പ്രസിദ്ധി. ഈ ശങ്കരനാകട്ടെ, കൃഷ്ണഗാഥാകർത്താവായ ശങ്കരൻനമ്പിടിയല്ലെന്നും, ശ്രീകൃഷ്ണവിജയം എന്ന കാവ്യത്തിൻ്റെ കർത്താവായ ശങ്കരകവിയാണെന്നും ഉള്ള വസ്തുത പ്രത്യേകം സ്മരിക്കേണ്ടിയിരിക്കുന്നു. കോകിലസന്ദേശത്തിലും ചന്ദ്രോത്സവത്തിലും തൽകർത്താക്കൾ പ്രശംസിക്കുന്നത് ഈ ശങ്കരകവിയെയാണ്. കൊല്ലം 598 മുതൽ 621 വരെ കോലത്തുനാടു ഭരിച്ചിരുന്ന കേരളവർമ്മയുടെ ആശ്രിതനായിരുന്നു ശങ്കരകവി എന്നുള്ളതു് അദ്ദേഹത്തിൻ്റെ കാവ്യംതന്നെ തെളിവു നല്കുകയും ചെയ്യുന്നു. ആ സ്ഥിതിക്ക് 629-ൽ കോലത്തിരി ഉദയവർമ്മയിൽനിന്നു സമ്മാനവും സ്ഥാനമാനങ്ങളും സമ്പാദിച്ച ശങ്കരൻനമ്പിടി, ശങ്കരകവിയിൽനിന്നു ഭിന്നനായ ഒരാളായിരിക്കണം. ”കോലത്തിരി രാജസദസ്സിലെ പ്രധാനകവി ശങ്കരനാണെന്നു് ഉദ്ദണ്ഡനും, അന്നത്തെ കോലത്തിരിരാജാവു് കേരളവർമ്മയാണെന്ന് ശങ്കരകവിയും തുറന്നു പറഞ്ഞിരിക്കെ, ഉദയവർമ്മരാജാവിൻ്റെ സദസ്യനായ കൃഷ്ണഗാഥാകർത്താവു ഭിന്നനാണെന്നുള്ളതിനു് അധികവാദം ഇനി വേണമെന്നു തോന്നുന്നില്ല” എന്നു് പി. കെ. പ്രസ്താവിച്ചിട്ടുള്ളതും നോക്കുക.
ബാലകൃഷ്ണൻനായരുടെ ഗവേഷണഫലമായി വെളിപ്പെടുന്ന ശങ്കരൻനമ്പിടിയാണു് ഗാഥാകർത്താവെന്നു വന്നാൽ ചമ്പുകാരനായ പുനത്തിൻ്റെ പിൻഗാമിയാണു് അദ്ദേഹമെന്നു വന്നുകൂടുന്നു. അതു് സ്വീകാര്യമായി തോന്നുന്നില്ല. പി. കെ. പ്രസ്താവിച്ചിട്ടുള്ളതുപോലെ പുനത്തിൻ്റെകാലത്തിനുമുമ്പ് ചെറുശ്ശേരി ജീവിച്ചിരുന്നതായി വിചാരിക്കുകയാണുത്തമം. ഡി. പത്മനാഭനുണ്ണിയും ആ അഭിപ്രായത്തോടു യോജിക്കുന്നു. ചെറുശ്ശേരി എന്നൊരില്ലത്തെപ്പറ്റി കൊല്ലം 547-നുശേഷം ഗ്രന്ഥവരികളിൽ കാണുന്നില്ലെന്നു് ബാലകൃഷ്ണൻനായർ രേഖപ്പെടുത്തുന്നതുകൊണ്ട് ആ ഇല്ലം അതിനടുത്തകാലങ്ങളിൽത്തന്നെ അന്യംനില്ക്കുകയോ, ഐതിഹ്യത്തിൽ പറയുന്നതുപോലെ പുനത്തിൽ ലയിക്കുകയോ ചെയ്തിരിക്കണം. കൃഷ്ണഗാഥ ആ ലയനത്തിനുമുമ്പുതന്നെ രചിച്ചിരിക്കാനും ഇടയുണ്ട്. * (ചെറുശ്ശേരിഭാരതം, അവതാരിക). ചുരുക്കിപ്പറഞ്ഞാൽ,