പാട്ടുകൾ
പാലാഴിമാതുതാൻ പാലിച്ചുപോരുന്ന
കോലാധിനാഥനുദയവർമ്മൻ
ആജ്ഞയെച്ചെയ്കയാലജ്ഞനായുള്ള ഞാൻ
പ്രാജ്ഞനെന്നിങ്ങനെ ഭാവിച്ചിപ്പോൾ.
എന്നു ഗാഥയുടെ ആരംഭത്തിലും,
ആജ്ഞയാ കോലഭൂപസ്യ–പ്രാജ്ഞസ്യോദയവർമ്മണഃ
കൃതായാം കൃഷ്ണഗാഥായാം–കൃഷ്ണസ്വർഗ്ഗതിരീരിതാ.
എന്നു് അവസാനത്തിലും കാണുന്ന വ്യക്തമായ തെളിവുകളിൽനിന്നു കോലത്തുനാടു ഭരിച്ചിരുന്ന ഒരു ഉദയവർമ്മൻ്റെ സദസ്യനും, ആശ്രിതനുമായിരുന്നു ഗാഥയുടെ കർത്താവ് എന്നുമാത്രമേ നിർവ്വിവാദമായി ഈ വിഷയത്തിൽ എന്തെങ്കിലും പറയുവാൻ തരമുള്ളൂ.
ഗാഥയുടെ മാഹാത്മ്യം: കൃഷ്ണഗാഥയുടെ കർത്താവ് ചെറുശ്ശേരിയോ, പുനമോ, പൂന്താനമോ, ഇനി വേറെ വല്ലവരുമോ ആയിരുന്നുകൊള്ളട്ടെ. മദ്ധ്യഘട്ടത്തിൽ ഉദിച്ചുയർന്നിട്ടുള്ള ഭാഷാസാഹിത്യത്തിലെ ദ്രാവിഡഗാനങ്ങളിൽ പ്രസ്തുത കൃതിയെ അതിശയിക്കത്തക്ക, എന്നല്ല, അതിനോടു സമീപിക്കത്തക്ക, മറെറാരു കൃതി ഉണ്ടായിട്ടില്ലെന്നു തീർത്തുപറയാം. വിഷ്ണുഭാഗവതം ദശമസ്കന്ധത്തിൻ്റെ ഒരു ഏകദേശ തർജ്ജമയാണ് കൃഷ്ണഗാഥ.