പാട്ടുകൾ
‘ക്ഷേത്രാണി സസ്യസമ്പത്ഭിഃ കർഷകാണാം മുദം ദദൗ’
എന്നുള്ള മൂലത്തിനു്,
വർഷത്തെക്കണ്ടുള്ള കർഷകന്മാരെല്ലാം
ഹർഷത്തെപ്പൂണ്ട് തുടങ്ങീതപ്പോൾ
എന്നിങ്ങനെയാണ് തർജ്ജമ. വിവർത്തനത്തിൻ്റെ സാമാന്യരീതിയെ ഇതു വ്യക്തമാക്കുന്നു. ഗാഥ, ഭാഗവതത്തിൻ്റെ ഒരു തർജ്ജമയാണെന്നുവരികിലും, ഭാഗവതത്തിൽ കാണുന്ന അസ്വരസഭാഗങ്ങൾ ഹൃദയാവർജ്ജകമായ ഒരു സ്വതന്ത്രരീതിയിൽ ഗാഥയിലേക്കു പകർത്തുവാൻ കവി നല്ലപോലെ യത്നിച്ചിട്ടുണ്ട്.
സംസ്കൃത സാഹിത്യത്തിൽ സുപരിചിതനായിരുന്ന ഗാഥാകർത്താവു്, പ്രസ്തുത സാഹിത്യ കൃതികളിലെ അനേകം ആശയങ്ങൾ യഥാവസരം സ്വകാവ്യത്തിൽ പ്രതിഫലിപ്പിക്കുവാൻ ശ്രമിക്കാതിരുന്നിട്ടില്ല. വിക്രമോർവ്വശീയം, കുമാരസംഭവം, രഘുവംശം, അനർഘരാഘവം, ശ്രീകൃഷ്ണവിലാസം മുതലായ പ്രശസ്ത കൃതികളിൽ നിന്നെല്ലാം ഉചിതങ്ങളായ പല ആശയങ്ങളും യഥാസ്ഥാനം ഇതിൽ എടുത്തുപ്രയോഗിച്ചിട്ടുണ്ട്. ഗാഥയുടെ മാറ്റും നിറവും വർദ്ധിപ്പിക്കുവാൻ ഇതും കാരണമാണു്. ഒരുദാഹരണം മാത്രം ഇവിടെ പ്രദർശിപ്പിക്കാം. ത്രികാലജ്ഞനായ നാരദൻ, സ്വപുത്രിയെ ശ്രീകൃഷ്ണൻ വേൾക്കുമെന്നുള്ള സുവാർത്ത, ഭീഷ്മകനെ ഗ്രഹിപ്പിക്കുന്നു. പിതൃസന്നിധിയിൽ നില്ക്കുന്ന രുഗ്മിണി പ്രസ്തുത വൃത്താന്തം കേട്ടു ലജ്ജാവനമ്രമുഖിയായിത്തീരുന്നു. ആ രംഗത്തെ,
‘ഭൂതലംതന്നിൽ വരച്ചു ചമച്ചുള്ള – രേഖകളെണ്ണിനാൾ മെല്ലെമെല്ലെ’ ഇങ്ങനെയാണു് ഗാഥാകർത്താവു ചിത്രീകരിക്കുന്നത്. ഈ ആശയമാകട്ടെ,