പാട്ടുകൾ
ഏവം വാദിനി ദേവർഷൗ – പാർശ്വേ പിതുരധോമുഖീ
ലീലാകമലപത്രാണി – ഗണയാമാസ പാർവ്വതി.
എന്നുള്ള കുമാരസംഭവത്തിലെ ശ്ലോകത്തെ അനുകരിച്ചുള്ളതാണെന്നു കാണാം. അതുപോലെതന്നെ ഇതിലെ ഋതുവർണ്ണനം, ശ്രീകൃഷ്ണവിലാസം ഏഴാംസർഗ്ഗത്തിലെ ഋതുവർണ്ണനത്തെ മിക്കവാറും ആശ്രയിച്ചുകാണുന്നു.
ഗാഥയുടെ സർവ്വപ്രധാനമായ പ്രശസ്തിക്കു കാരണം അതിൻ്റെ രചനാമാധുര്യമാണു്. ലളിതപദങ്ങളെ സുമനോഹരമായ വിധത്തിൽ സംയോജിപ്പിച്ചു സഹൃദയ ശ്രവണങ്ങളെ സുഖിപ്പിക്കുന്നതിൽ ഈ കവികോകിലത്തിനുള്ള പാടവം ഗാഥയുടെ ഏതു ഭാഗം നോക്കിയാലും വ്യക്തമാകും. മലയാള ഭാഷയുടെ ആത്മവീര്യം പ്രകാശിപ്പിക്കുന്ന വിഷയത്തിൽ ഈ മഹാകവിമൂർദ്ധന്യൻ്റെ രചനാവൈഭവത്തെ വെല്ലുന്ന ഒരു മഹാകവിയും ഇന്നേവരെ മലയാളക്കരയിൽ ജനിച്ചിട്ടില്ലെ ന്നുള്ളതു തീർച്ചതന്നെ. മലയാള ഭാഷയെ സംസ്കൃതത്തിൻ്റേയും തമിഴിൻ്റേയും പിടിയിൽനിന്നു വിടുവിച്ച് അതിനെ സ്വകീയമായ ഒരു മാർഗ്ഗത്തിലേക്കു നയിച്ച ചെറുശ്ശേരിയെയാണു, മലയാളഭാഷയുടെ സാക്ഷാൽ പിതാവ് എന്നു വിളിക്കേണ്ടതെന്നും തോന്നുന്നു.