പദ്യസാഹിത്യചരിത്രം. ആറാമദ്ധ്യായം

പാട്ടുകൾ

മാരിചൊരിയുന്ന നേരത്തു കോടിയിൽ
നേരേപോയ് നീരെല്ലാമേൽക്കും മെയ്യിൽ
കയ്യേപ്പിടിപ്പാനായാരേലും ചെല്ലുമ്പോൾ
‘അയ്യോ’ എന്നിങ്ങനെ കൂട്ടും തിണ്ണം.

ശുദ്ധദ്രാവീഡപദങ്ങളെക്കൊണ്ട് ഇതുപോലെ ഒരു മഹാകാവ്യം രചിക്കുവാൻ മലയാളത്തിൽ ഏതൊരു കവീശ്വരനാണ് ഇന്നേവരെ സാധിച്ചിട്ടുള്ളത്?

എന്നാൽ ഗാഥയുടെ അവസാന ഭാഗങ്ങളിൽ സ്വർഗ്ഗാരോഹണ കഥയിൽ കവിയുടെ സംസ്കൃതപ്രേമം കുറെയൊക്കെ പ്രകടമാക്കാതിരുന്നിട്ടില്ലെന്നുള്ളതു മറച്ചുവെയ്ക്കുന്നില്ല. താൻ ഉഭയകവീശ്വരനാണെന്നുള്ള യാഥാർത്ഥ്യം വെളിപ്പെടുത്തുവാൻ കവിക്കിവിടെ ഉദ്ദേശമുണ്ടായിരുന്നിരിക്കാമെന്നു തോന്നുന്നു. മഞ്ജരിവൃത്തത്തിൽ നിന്നു ഭിന്നമായി ആറേഴുവൃത്തങ്ങൾ കവി പ്രയോഗിച്ചിട്ടുള്ളതും അവിടെത്തന്നെയാണു്.