പദ്യസാഹിത്യചരിത്രം. ആറാമദ്ധ്യായം

പാട്ടുകൾ

കമലാകരപരിലാളിതകഴൽതന്നിണ കനിവോ-
ടമരാവലി വിരവോടഥ തൊഴുതീടിന സമയേ
വിവിധാഗമവചസാമപി പൊരുളാകിന ഭഗവാൻ
വിധുശേഖരനുപഗമ്യ ച മധുസൂദനസവിധേ

ചലൽകുന്തളം ചഞ്ചലാപാംഗരമ്യം
മിളൽ കുണ്ഡലോല്ലാസിഗണ്ഡാഭിരാമം
മൃദുസ്മേരമേവം മുഖാംഭോരുഹം തേ
സ്മരിക്കായ് വരേണം മരിക്കുന്ന നേരം

എന്നീ മട്ടുകളിലുള്ള വൃത്തങ്ങളും ഭാഷാപ്രയോഗങ്ങളും ഭാവുകനിൽ ഭക്തിഭാവലഹരി വർദ്ധിപ്പിക്കുവാൻ പോരുന്നവയാണെന്നുള്ള പരമാർത്ഥവും വിസ്മരിച്ചുകൂടാത്തതാണു്. കവിതയുടെ പരമലക്ഷ്യവും അതുതന്നെയാണല്ലോ.

ചമ്പുകാവ്യങ്ങൾ പാരായണം ചെയ്തിട്ടുള്ളവർക്കു് ഒരിക്കലും വിസ്മരിക്കാൻ കഴിയാത്ത വെണ്ണിലാവ്, വെന്നിക്കൊടി, നീണാൾ, മുറുവൽ, അഴകുപൊഴിയും, പുകൾമികും എന്നു തുടങ്ങിയ ചില സുകുമാരപദങ്ങളെപ്പോലെതന്നെ, പൂവലംഗം, പൂവൽമേനി, മാൺപു്, ചെമ്മെ, ചെഞ്ചെമ്മെ, നുറുങ്ങ്, വാറു്, പരിച്, കുഞ്ചൻ, ആരം, ഞായം തുടങ്ങിയ ഒട്ടനേകം ദ്രാവിഡപദങ്ങൾ ഗാഥ വായിക്കുന്നവരുടെ ഹൃദയങ്ങളിൽനിന്നു് വിട്ടുപോകുന്നതല്ല.