പദ്യസാഹിത്യചരിത്രം. ആറാമദ്ധ്യായം

പാട്ടുകൾ

‘ഓമനപ്പൂവൽമെയ് മേനിയിൽക്കൊണ്ടപ്പോൾ
കോൾമയിർ തിണ്ണമെഴുന്നു മെയ്യിൽ.”
”കോമളച്ചുണ്ടു പിളുക്കി നിന്നീടുമ്പോൾ
ഓമനിച്ചീടുവാൻ തോന്നുമത്രേ.”
”മെല്ലെന്നെടുത്തു പുണർന്നുനിന്നീടിനാൾ
പല്ലവം വെല്ലുമപ്പൂവലംഗം.”

എന്നും മറ്റുമുള്ള ഭാഗങ്ങൾ നോക്കുക. സാമഞ്ജസ്യമനോഹരമായ ഇമ്മാതിരി ശബ്ദ ഘടന ഒന്നുമാത്രം മതി, ഗാഥയുടെ മാഹാത്മ്യം നാടെങ്ങും വിളംബരം ചെയ്യുവാൻ.

പദസ്വാധീനശക്തി അത്ഭുതാവഹമെന്നേ പറയാവൂ. ‘ശബ്ദങ്ങളെദ്ദാസരെയെന്നപോലെ ശരിക്കു കീഴ്‌നിർത്തി’യിരുന്നു ഗാഥാകർത്താവു്. പ്രാസപ്രയോഗവിഷയത്തിൽ അദ്ദേഹത്തിനു് ഒരിടത്തും ലവലേശം ക്ലേശം സംഭവിച്ചുകാണുന്നില്ല.

“പൈതങ്ങളോടു പറഞ്ഞുനിന്നങ്ങനെ
പൈതങ്ങളേതുമറിഞ്ഞീലൊട്ടും “
“ചാടായി വന്നാനദ്ദാനവനെങ്കിലും
ചാടായിവന്നീല മേനിതന്നിൽ
ഓടായിവന്നു നുറുങ്ങിനാനെങ്കിലും
ഓടായി വന്നീല കൊല്ലുന്നേരം”

ഇമ്മട്ടിൽ തനി മലയാളപദങ്ങളെക്കൊണ്ടു കവി കാണിച്ചിരിക്കുന്ന ചെപ്പടിവിദ്യ ആരെയും അത്ഭുതപരതന്ത്രരാക്കുന്നു.