പാട്ടുകൾ
ഭഗവദ്ഗീത: വിശ്വമഹാകൃതിയെന്നു പറയാവുന്ന ഭഗവദ്ഗീതയെ ആദ്യമായി മലയാളത്തിൽ വിവർത്തനം ചെയ്ത മഹാകവിയാണു് മാധവപ്പണിക്കർ. എഴുന്നൂറുശ്ലോകങ്ങളിലടങ്ങിയ ഗീതാതത്ത്വം 328 ശീലുകളിലായി കവി ഇതിൽ സംക്ഷേപിച്ചിരിക്കുന്നു:
അത്ഭുതമായമൃതമായ് മറനാലിനു–
മറിവായഖിലജഗൽപുർണ്ണവുമാ–
യൂത്ഭവമരണാദികൾ കരണാദിക–
ളൊന്നിനൊടും കൂടാതൊളിവായേ
പുഷ്പമണംപോൽ സ്ഥാവരചരമൊടു
പുണരാതേ പുണരും പൊരുളായ് നി–
ന്നെപ്പൊഴുതും സച്ചിൽസുഖമായ് നി–
ന്നീടിന പരമാത്മാനം തൊഴുതേൻ
എന്നാരംഭിക്കുന്ന ഗീതാപദ്യങ്ങൾ ഓരോന്നും ശയ്യാഗുണം, അക്ലിഷ്ടമായ പദപ്രയോഗം എന്നിവയാൽ ഹൃദയാവർജ്ജകമെന്നേ പറയാവൂ. ശബ്ദാർത്ഥങ്ങളിൽ കവി ചെയ്തുകൊണ്ടിരുന്ന നിഷ്ക്കർഷ അതീവ ആശാസ്യവും അനുകരണീയവുമായിരിക്കുന്നു.