പാട്ടുകൾ
അർത്ഥാലങ്കാരങ്ങളുടെ സാരസ്യവും സമൃദ്ധിയും ഗാഥയിൽ ഉള്ളതുപോലെ മലയാളത്തിലെ മറ്റൊരു കാവ്യത്തിലും ഇല്ലെന്നു തീർത്തുപറയാം. ഉപമ, ഉൽപ്രേക്ഷ, രൂപകം, ദൃഷ്ടാന്തം, അർത്ഥാന്തരന്യാസം, അതിശയോക്തി, സ്വഭാവോക്തി മുതലായ അലങ്കാരങ്ങൾക്കു ഇതിൽ കൈയുംകണക്കുമില്ല. കൃഷ്ണഗാഥയുടെ രീതി ദീപ്രമാണെന്നു് കേരളപാണിനി * (സാഹിത്യസാഹ്യം, ഉത്തരഭാഗം) അഭിപ്രായപ്പെടുവാൻ കാരണവും ഇതുതന്നെ. കാവ്യപാരായണാവസരത്തിൽ അലങ്കാരങ്ങളുടെ ഇടതിങ്ങൽകൊണ്ടു ഭാവുകൻ്റെ അപ്രതിഹതമായ പുരോഗതിക്കു് അല്പം മാന്ദ്യം സംഭവിക്കാതിരിക്കുന്നില്ല. ആലങ്കാരികത്വമാണു് വർണ്ണനയുടെ ഈ ഒതുക്കമില്ലായ്മയ്ക്കു കാരണമെന്നു പറയേണ്ടതില്ലല്ലൊ. എങ്കിലും അത്തരം വർണ്ണനകളുടേയും അലങ്കാരപ്രയോഗങ്ങളുടേയും വശ്യതയും ചമൽക്കാരപൂർണ്ണതയും അനുഭവൈകവേദ്യമെന്നേ പറയാവൂ. ഉണ്ണിക്കൃഷ്ണൻ്റെ അവതാരത്തെ വർണ്ണിക്കുന്ന ഒരു ഭാഗം നോക്കുക:
കോമളയായൊരു രുഗ്മിണിതന്നുടെ –
വാർമുലതന്നിലലങ്കരിപ്പാൻ
ദേവകിയായൊരു കല്പകവല്ലിമേൽ –
മേവിനിന്നീടുന്ന ദിവ്യരത്നം
ഭൂതലം തന്നിലങ്ങായതു കാണായി.
ഇവിടെ കുമാരോദയം എത്രകണ്ട് ആസ്വാദ്യതമമായിട്ടാണു് വർണ്ണിച്ചിട്ടുള്ളതെന്നു ചിന്താരസികന്മാരായ അലങ്കാരരസികന്മാർതന്നെ വിധികല്പിച്ചുകൊള്ളട്ടെ.