പദ്യസാഹിത്യചരിത്രം. ആറാമദ്ധ്യായം

പാട്ടുകൾ

കാർമുകിൽ മാലയാൽ പാതി മറഞ്ഞൊരു
വാർമതിപ്പൈതൽതാനെന്നപോലെ
കുന്തളജാലം കൊണ്ടഞ്ചിതമാകയാൽ
ചന്തത്തെക്കോലുന്ന ഫാലവുമായ്

എന്നു തുടങ്ങി ഈറ്റില്ലത്തിൽ അർദ്ധരാത്രി അവതരിച്ച കംസാരിയായ ശിശുവിനെ ആപാദചൂഡം വർണ്ണിച്ചിട്ടുള്ളതിൽ പ്രയോഗിച്ചിരിക്കുന്ന അലങ്കാരവൈവിധ്യമോ, കംസൻ കീഴ്പോട്ടു തല്ലുവാനോങ്ങിയനേരത്തു മേല്പോട്ടുപോയി അംബരത്തിൽ ലംബിതയായി നിന്ന അംബികയുടെ നഖശിഖാഗ്രപര്യന്തമുള്ള വർണ്ണനകളിലെ മനോധർമ്മവിലാസമോ, ദേവകിയുടെ ഗർഭവർണ്ണനയിൽ പ്രയോഗിച്ചിരിക്കുന്ന അലങ്കാരങ്ങളുടെ സാരസ്യമോ, പൂതനാമോക്ഷത്തിൽ ചില ഭാഗങ്ങളിലെ അലങ്കാരങ്ങളുടെ അത്യന്തചാരുതയോ ഗ്രന്ഥവിസ്തൃതിയെ ഭയന്നു ഉദ്ധരി ക്കുവാൻ ഉദ്യമിക്കുന്നതേയില്ല. അഥവാ ശ്രീകൃഷ്ണൻ്റെ ബാല്യക്രീഡകളെ വർണ്ണിക്കുന്ന ഗാഥയുടെ പൂർവ്വാർദ്ധം മുഴുവൻ, അലങ്കാരസമൃദ്ധങ്ങളും ആസ്വാദ്യതരങ്ങളുമാണെന്നുമാത്രം പറയുവാനേ ഇവിടെ തരമുള്ളു.

രസവർണ്ണനയിലും ചെറുശ്ശേരിക്കുള്ള കഴിവും ചെറുതൊന്നുമല്ല. ശൃംഗാര രസത്തോടു കവിക്കു കൂടുതൽ പക്ഷപാതമാണുള്ളതു്. ഹേമന്തലീല, രാസക്രീഡ മുതലായ വർണ്ണനകൾ പ്രസിദ്ധങ്ങളാണല്ലൊ. ഇങ്ങനെ കവി ശൃംഗാരരസപക്ഷപാതിയാണെന്നുവരികിലും അവസരോചിതമായി ഇതരരസങ്ങളെ പ്രകാശിപ്പിക്കുന്നതിലും അദ്ദേഹം കെല്പുറ്റവൻതന്നെ. ഹേമന്തകാലവർണ്ണനയിൽ,