പാട്ടുകൾ
ശീതത്തെത്തൂകുന്ന ഹേമന്തകാലമാം
ഭൂതത്തിൻ കോമരമെന്നപോലെ
ഭൂതലംതന്നിലെ മാലോകരെല്ലാരും
ചാലേ വിറച്ചുതുടങ്ങീതപ്പോൾ;
ദന്തങ്ങളെക്കൊണ്ടു താളം പിടിച്ചിട്ടു
സന്ധ്യയെ വന്ദിച്ചിതന്തണരും….
തീക്കും തന്നുള്ളിലേ തോന്നിത്തുടങ്ങിതേ
തീക്കായവേണമെനിക്കുമെന്നു.
ഇങ്ങനെ ആ കാലത്തെ, ഭൂതബാധ എന്നപോലെ സങ്കല്പിച്ച്, ആ ബാധോപദ്രവംകൊണ്ടു മാലോകരെല്ലാരും വിറച്ചുതുടങ്ങുന്നതും, അന്തണർ ദന്തങ്ങളെക്കൊണ്ട് താളംപിടിക്കുന്നതും മറ്റുമായി വർണ്ണിച്ചിട്ടുള്ളതിൻ്റെ രസികത അനിർവ്വചനീയമായിരിക്കുന്നു. കവിയുടെ പരിഹാസവും ഇവിടെ പ്രശാന്തമായി പരിലസിക്കുന്നു. വരലബ്ധിക്കുശേഷം, വരദാതാവായ ശിവനെത്തന്നെ നശിപ്പിക്കുവാൻ ഒരുമ്പെടുന്ന വൃകാസുരനെ ഭയന്നു പലായനം ചെയ്യുന്ന ശിവൻ്റെ ഓട്ടം, എത്രത്തോളം ഹൃദ്യവും ഫലിതമയവുമായിട്ടുണ്ടെന്ന് ആ ഭാഗം വായിച്ചുതന്നെ അറിയേണ്ടതാണു്. അതുപോലെ സൗഭദ്രികകഥയിൽ സുഭദ്ര, സന്യാസിയായ അർജ്ജുന് ഭിക്ഷ വിളമ്പുന്ന ഫലിതമയഭാസുരമായ ആ രംഗത്തെ രസവും, വായിച്ചുതന്നെ അനുഭവിക്കേണ്ടതാണു്.