പാട്ടുകൾ
മനുഷ്യസ്വഭാവത്തേയും അതിൻ്റെ അവസ്ഥാന്തരങ്ങളേയും ഹൃദയംഗമമായി വർണ്ണിക്കുന്നതിലാണ് കവിത്വം കളിയാടുന്നതെങ്കിൽ, ആ വിഷയത്തിലും ഗാഥാ കർത്താവ് തികച്ചും വിജയശ്രീലാളിതനായിത്തീർന്നിട്ടുണ്ട്. വത്സസ്തേയം മുതലായ ഭാഗങ്ങൾ സ്വാഭാവിക വർണ്ണനകളെക്കൊണ്ടു സമ്പൂർണ്ണമായിട്ടുള്ളതുതന്നെ. സുഭദ്രാഹരണം, രുഗ്മിണീസ്വയംവരം മുതലായ ഘട്ടങ്ങൾ കാവ്യരസം വഴിഞ്ഞൊഴുകുന്നവയാണെന്നു മാത്രം പറയുവാനേ തരമുള്ളു. വൃന്ദാവനത്തിലെ ജീവജാലങ്ങളെ വിരോധിസത്വാഝിതപൂർവ്വമത്സര’ങ്ങളാക്കി ത്തീർക്കുന്ന ലീലാഗോപാലൻ്റെ മുരളിയുടെ അന്യാദൃശമാധുര്യം, കൃഷ്ണഗാഥയിൽനിന്നുതന്നെ ആസ്വദിച്ചറിയണ്ടതാണ്. എന്തിനധികം? പ്രകൃതിയിലെ നിസർഗ്ഗസുന്ദരങ്ങളായ വിവിധവസ്തുക്കളേയും, മനുഷ്യസ്വഭാവത്തിൻ്റെ അവസ്ഥാന്തരങ്ങളേയും തന്മയത്വത്തോടുകൂടി വർണ്ണിച്ചു സഹൃദയസമ്മോദം വർദ്ധിപ്പിക്കുന്ന ഈ കൃതി, മലയാള സാഹിത്യത്തിലെ സമ്മാന്യമായ ഒരു കാവ്യപ്രകാണ്ഡവും, ഇതിൻ്റെ കർത്താവായ ചെറുശ്ശേരി, കേരളീയകവികളിൽ അഗ്രപൂജയെ അർഹിക്കുന്ന ഒരു മഹാകവിയും ആണെന്നു മാത്രം ഇവിടെ ചുരുക്കിപ്പറയാം.
ഭാരതഗാഥ: കൃഷ്ണഗാഥയെപ്പോലെ മഞ്ജരിവൃത്തത്തിൽ എഴുതിയിട്ടുള്ള ഒരു കൃതിയാണിത്. വ്യാസപ്രണീതമായ മഹാഭാരതകഥയെ സംഗ്രഹിച്ചു. 25 അദ്ധ്യായങ്ങളായി വിഭജിച്ച് ഇതിൽ പ്രതിപാദിച്ചിരിക്കുന്നു. ഗുണവിഷയത്തിൽ പ്രസ്തുത കൃതി കൃഷ്ണഗാഥയിൽനിന്നു തുലോം താഴെയാണു്. മൂലകഥയ്ക്കു വിപരീതവും അതിൽ ഇല്ലാത്തതുമായ ചില പ്രസ്താവങ്ങളും എങ്ങനെയോ ഇതിൽ കടന്നുകൂടിയിട്ടുമുണ്ട്.