പദ്യസാഹിത്യചരിത്രം. ആറാമദ്ധ്യായം

പാട്ടുകൾ

കർത്താവു്: പ്രസ്തുത കൃതിയെ ചിറയ്ക്കൽകോവിലകത്തെ ഈടുവയ്പിൽനിന്നു കണ്ടെടുത്ത് 1086-ൽ ആദ്യമായി പ്രസിദ്ധപ്പെടുത്തിയത് ആ കോവിലകത്തെ അംഗമായ രാമവർമ്മരാജാവായിരുന്നു. ‘ചെറുശ്ശേരിഭാരതം’ എന്ന പേരിലാണു അദ്ദേഹം അന്നതു പ്രസിദ്ധപ്പെടുത്തിയത്. പിന്നീടു പ്രസ്തുതകൃതി 1113-ൽ രാമവർമ്മരാജാവിൻ്റെ പുത്രനായ ടി. ബാലകൃഷ്ണൻനായർ പ്രസിദ്ധപ്പെടുത്തിയപ്പോഴും മേല്പറഞ്ഞ നാമധേയംതന്നെയാണ് സ്വീകരിച്ചിട്ടുള്ളതു്. ഇതിൽനിന്നും, ഭാരതം ചെറുശ്ശേരിയുടെ കൃതിയാണെന്നു മേല്പറഞ്ഞ രണ്ടു പ്രസാധകന്മാർക്കും അഭിപ്രായമുണ്ടെന്നു സ്പഷ്ടമാണല്ലോ. പ്രസാധകൻ എന്ന നിലയിൽ ശ്രീ ബാലകൃഷ്ണൻ നായർ ഗ്രന്ഥത്തിനു് എഴുതിച്ചേർത്തിട്ടുള്ള ആമുഖോപന്യാസത്തിൽ, ആ സംഗതി വ്യക്തമാക്കിയിട്ടുമുണ്ട്. ”ചെറുശ്ശേരിഭാരതവും കൃഷ്ണഗാഥയും ഏകോദരസഹോദരങ്ങളാണു്. ആകൃതികൊണ്ടും പ്രകൃതികൊണ്ടും അവ അങ്ങനെതന്നെയാണു.”* (ആമുഖോപന്യാസം, പേജ് 24,) സാഹിത്യപഞ്ചാനനൻ തുടങ്ങിയ ഏതാനും പ്രമുഖ നിരൂപകന്മാർക്കും ഇതേ അഭി പ്രായമാണുള്ളത്.

എന്നാൽ മഹാകവി ഉള്ളൂർ മേല്പറഞ്ഞ അഭിപ്രായത്തോടു തെല്ലും യോജിക്കുന്നില്ല. ദിവാകരബിംബത്തിനും ദിവാദീപത്തിനും തമ്മിലുള്ള പ്രകാശാന്തരം ഈ രണ്ടു കൃതികൾക്കും തമ്മിലുണ്ടെന്നത്രെ മഹാകവിയുടെ അഭിപ്രായം. * (കേരളസാഹിത്യചരിത്രം, രണ്ടാം ഭാഗം, പേജ് 149.) “കൃഷ്ണഗാഥ പലകുറി പാരായണം ചെയ്ത് അതിൽനിന്നു സിദ്ധിച്ച സംസ്കാരമല്ലാതെ, ഭാരത ഗാഥാകാരന് അതിനപ്പുറം അധികമൊന്നും കൈമുതലില്ലെന്നു”കൂടി മഹാകവി അഭിപ്രായപ്പെടുന്നു. എന്നാൽ ഭാരതഗാഥയുടെ കർത്താവ് ആരായിരിക്കാമെന്നുള്ള ചിന്തയിൽ ആരുടേയും പേർ പറയുവാൻ അദ്ദേഹം മുതിരുന്നുമില്ല. ”കൃഷ്ണഗാഥ ആവിർഭവിച്ചു സ്വല്പകാലം കഴിഞ്ഞപ്പോൾ ഉദയവർമ്മ കോലത്തിരി തൻ്റെ സേവകനായ മറ്റൊരു നമ്പൂരിയോട് വാത്സല്യപാരവശ്യം നിമിത്തം അതുപോലെ മറ്റൊരു കാവ്യം മഹാഭാരതത്തെ ആസ്പദമാക്കി രചിക്കുവാൻ ആജ്ഞാപിക്കുകയും, ആ നമ്പൂരി തൻ്റെ വാസനയുടെയും വൈദുഷ്യത്തിൻ്റേയും പരിമിതമായ പരിധിക്കുള്ളിൽനിന്നുകൊണ്ട് അത്തരത്തിൽ ഒരു കൃതി നിർമ്മിച്ച് അടിയറവയ്ക്കുകയും ചെയ്തു എന്നും ഊഹിക്കുന്നതായിരിക്കും യുക്തിയുക്തമായിട്ടുള്ളത്.” (കേരളസാഹിത്യചരിത്രം, രണ്ടാം ഭാഗം, പേജ് 149.) ‘പൊനത്തിൽ ശങ്കരസൂരിണാ വിരചിതാ ഭാരതഗാഥാ’ എന്നും മറ്റും ഗ്രന്ഥത്തിൻ്റെ പുറത്തു കാണുന്ന കുറിപ്പുകൾ പിൽക്കാലത്ത് ആരോ എഴുതി ച്ചേർത്തിട്ടുള്ളതായിരിക്കാമെന്നുകൂടി മഹാകവി അഭിപ്രായപ്പെടുന്നു.