പദ്യസാഹിത്യചരിത്രം. ആറാമദ്ധ്യായം

പാട്ടുകൾ

രാമപ്പണിക്കരുടെ കൃതികൾ: രാമായണം, ഭാഗവതം, ശിവരാത്രിമാഹാത്മ്യം, ഭാരതം ഇവയാണു് രാമപ്പണിക്കരുടെ പ്രധാന കൃതികൾ. ബ്രഹ്മാണ്ഡ പുരാണം * (ഭാഷാഗദ്യസാഹിത്യചരിത്ര’ത്തിൽ പ്രസ്താവിച്ചിട്ടുള്ളതു നോക്കുക.) എന്നൊരു ഗദ്യകൃതിയും ഇദ്ദേഹത്തിൻ്റേതായുണ്ട്. രാമപ്പണിക്കരുടെ കൃതികളിൽ ഏറ്റവും പ്രസിദ്ധവും പ്രശസ്തവുമായതും രാമായണമാണു്. കണ്ണശ്ശരാമായണം എന്ന പേരിൽ വിഖ്യാതമായ പ്രസ്തുത കൃതി, എഴുത്തച്ഛൻകൃതികൾക്കു പോലും പലപ്രകാരത്തിലും മാതൃകയായിത്തീർന്നിട്ടുണ്ട്. എഴുത്തച്ഛൻ കാവ്യധർമ്മങ്ങളിൽ മുഖ്യമായി പ്രതിപാദിക്കാറുള്ളത് അദ്ദേഹത്തിൻ്റെ ഭക്തിഭാവവും, ചമൽക്കാരപൂർണ്ണമായ പ്രതിപാദനരീതിയുമാണല്ലൊ. ഈ രണ്ടു വിഷയത്തിലും എഴുത്തച്ഛൻ ഒട്ടൊക്കെ കണ്ണശ്ശനെ അനുകരിക്കുന്നതു കാണാം.

ശ്രീരാമനെപ്പറ്റി പ്രതിപാദിക്കേണ്ട സവിശേഷം പ്രതിപാദിക്കേണ്ട ഘട്ടങ്ങളിലെല്ലാം കണ്ണശ്ശരാമായണകർത്താവു വെറും രാമശബ്ദമല്ല ഉപയോഗിക്കാറുള്ളതു്. അനേകം പര്യായങ്ങളും വിശേഷണങ്ങളും വാരിക്കോരിച്ചൊരിയുക സാധാരണമാണു്. സഖ്യാനന്തരം സുഗ്രീവനോടുകൂടി ഋശ്യമൂകാചലത്തിൽ വർത്തിക്കുന്ന ശ്രീരാമനെപ്പറ്റി പറയുന്ന ഒരു ഭാഗം നോക്കുക:

ആരണകാരണനായ പുരാനമരേശനനന്തനനാദിമുകുന്ദൻ
പൂരണനായറിവാനരുതാകിയ പുണ്യാത്മാ പുരുഷോത്തമനമലൻ

താരണിപാലകബാലകനായവതാരം ചെയ്തുളനാകിയ രാമൻ
മാരുതിസുഗ്രീവാദികളോടു മകിഴ്ന്തനുജനുമായവിടെയിരുന്നാൻ.

കണ്ണശ്ശന്റെ ഈ ഭക്തിഭാവമയമായ ചൈതന്യമാണ് പിൽക്കാലത്തു കിളിപ്പാട്ടുകളിലേക്കു പകർന്നിട്ടുള്ളതെന്നു പറയുന്നതിൽ അധികം തെറ്റില്ല.