പാട്ടുകൾ
അതുപോലെതന്നെ വർണ്ണനകളിലും കണ്ണശ്ശൻ എഴുത്തച്ഛനും മാർഗ്ഗദർശിയാണെന്നു തെളിയിക്കുന്ന ചില ഭാഗങ്ങൾ രാമായണത്തിലുണ്ട് . വാല്മീകിരാമായണത്തെയാണു് കണ്ണശ്ശൻ അവലംബമാക്കിയിട്ടുള്ളതെന്നതും വാസ്തവം തന്നെ. എങ്കിലും സ്വതന്ത്രവും സ്വകീയവുമായ ഒരു രീതി അദ്ദേഹം വിവർത്തനത്തിൽ കൈക്കൊള്ളാതിരുന്നിട്ടില്ല. കിഷ്ക്കിന്ധാകാണ്ഡത്തിൽ സുഗ്രീവൻ, തന്റെ മുമ്പിൽ കൊണ്ടു വന്നുവെച്ച സീതയുടെ ആഭരണങ്ങൾ കാണുമ്പോൾ ആ അവതാരപുരുഷനുണ്ടായ വൈവശ്യത്തെ മൂലകൃതിയിൽ വർണ്ണിക്കുന്നതിങ്ങനെയാണു്:
വിമുച്യ രാമസ്തദ് ദൃഷ്ട്വാ-ഹാ സീതേതി മുഹുർമ്മുഹുഃ
ഹൃദി നിക്ഷിപ്യ തൽ സർവ്വം – രുരോദ പ്രാകൃതോ യഥാ.
കണ്ണശ്ശൻ ഈ ഭാഗം അവതരിപ്പിക്കുന്നതു നോക്കുക:
ഇന്നു പിരിഞ്ഞീരോ ബത നിങ്ങളു-
മെന്നെപ്പോലവൾ തന്നോടെന്നേ.
അല്ലയോ, ആഭരണങ്ങളെ നിങ്ങളും നിർദ്ദയനായ എന്നെപ്പോലെതന്നെ സീതയെ ഉപേക്ഷിച്ചുപോന്നുവോ? രാമൻ്റെ സീതാവിഷയകമായ സ്നേഹവും, അതിൽനിന്നുളവായ ശോകവും എത്ര ഭാവബന്ധുരമായി കവി ഇവിടെ ആവിഷ്ക്കരിച്ചിരിക്കുന്നു! ഈ ഭാഗം കിളിപ്പാട്ടിൽ വർണ്ണിക്കുമ്പോൾ എഴുത്തച്ഛൻ കണ്ണശ്ശനെയാണു് അധികവും അനുകരിക്കുന്നത്.