പാട്ടുകൾ
എന്ന കണ്ണശ്ശരാമായണത്തിലെ വരികളെ ഉപജീവിച്ചിരിക്കയാണെന്നു സ്പഷ്ടമാണല്ലോ. ഭാരതം കിളിപ്പാട്ടിലെ,
ഭാരതീ പദാവലി തോന്നണം കാലേ കാല
വാരിധിതന്നിൽ തിരമാലകളെന്നപോലെ
എന്ന പ്രാർത്ഥന, കണ്ണശ്ശഭാരതത്തിലെ,
ഇളകിയ സാഗരവീചികൾ മേന്മേ…
ലിതമൊടു വന്നുളവായതുപോലേ
തളവിയലാതതി സുന്ദരവാണികൾ
സതതം മമ വരുവാനരുളേണം
എന്ന കവിപ്രാർത്ഥനയെ കുറച്ചുദൂരമെങ്കിലും അനുകരിച്ചിട്ടുണ്ടെന്നു തോന്നുന്നു. സന്ദർഭോചിതമായി ഓരോ രസഭാവങ്ങളെ വർണ്ണിക്കുവാൻ കണ്ണശ്ശരാമായണ കർത്താവിനുള്ള കഴിവ് എത്രയെന്നു പറയാനില്ല. ഒന്നുരണ്ടുദാഹരണങ്ങൾ നോക്കുക. വിരഹിയായ രാമൻ പമ്പാതീരത്തെത്തുമ്പോൾ അവിടെ പ്രകടമായ വസന്തവിലാസത്തെ കവി വർണ്ണിക്കുകയാണ്:
“കാണാ കോമളവല്ലികളാകിയ
കന്യകമാരേ നടനം ചെയ്യിച്ചേ
വീണാനാദമെനും നവഭൃംഗ–
വിനോദമനോഹരഗീതത്തോടേ
പൂണാരണിമുലമാരൊടുകൂടിയ
പുരുഷാണാമതിസുഖകരമായേ
നീണാളും വനരങ്ഗേ മേവിന
നിരുപമമാരുതനർത്തകലീലാം.”