പാട്ടുകൾ
ശ്രീരാമൻ മാല്യവാൻ്റെ ശിഖരത്തിൽ വസിക്കുമ്പോൾ വന്നണഞ്ഞ വർഷർത്തൂവിനെ വർണ്ണിക്കുന്നതു നോക്കുക:
ഇടിയാകിന മിഴാവൊലിയാലുട-
നേവർക്കും പരിതാപം കളവാൻ
ചുടരേറും മിന്നൽപ്പുണരാകിയ
തൂയവിളക്കു കൊളുത്തി വിശേഷാൽ
വടിവേലും വരിവണ്ടുകൾ പാട
മയൂരാദികൾ മകിഴ്‌വെയ്തുംവണ്ണം
നടനാകിയ കാർകാലം വന്നൊരു
നാടകമാടും പോലിതു പാരാ.
ഇങ്ങനെയുള്ള പല ഉല്ലേഖങ്ങളും, സാഹിത്യരസം വഴിഞ്ഞൊഴുകുന്ന അനേകം വർണ്ണനകളും രാമായണത്തിൽനിന്നു് ഉദ്ധരിക്കത്തക്കവയായുണ്ട്.
ശബ്ദാർത്ഥങ്ങളുടെ സമഞ്ജസമായ സംയോജനം കാവ്യത്തിൽ എവിടെയും കാണാം.
പുഷ്കരപത്രാക്ഷൻ കൗസല്യാപുത്രൻ ജാനകിയൊടു വേറായേ
പുഷ്കരിണീമഥ പമ്പാം കണ്ടേ പുഷ്പശരാതുരമാനസനായേ
തക്ക സുമിത്രാപുത്രനെ നോക്കിത്താനുരചെയ്താൻ കാനനമെങ്ങും
മിക്ക വസന്തവിലാസംകൊണ്ടു വിരാജിതമായിതു വീരാ, പാരാ.
ഇതുപോലെ സമഞ്ജസമനോഹരങ്ങളാണു് കണ്ണശ്ശരാമായണം മുഴുവൻതന്നെ. ചില ദിക്കിൽ സംസ്കൃതാക്ഷരസംയുക്തങ്ങളായ പദങ്ങളും ദീർഘസംസ്കൃത സമാസങ്ങളും കൂട്ടിയിണക്കി.