പുതിയ തലമുറ
പൂമഴവില്ലുകളണിവൂ ഞങ്ങടെ
ഭാവന, ജീവിതമിഴിനീരാവികൾ
നീർമുകിലുകളായ്ക്കാലം വീശിയ
കാറ്റത്തവിടവ്ടെക്കൂടുകയാലേ
ഓമനനൃത്തം ചെയ്വൂ ഞങ്ങടെ
നിർമ്മാണാത്മകസങ്കല്പങ്ങളിൽ
മാമലനാടിൻ മണ്ണിൽക്കനകം
വിളയിപ്പവരുടെ ജീവിതകഥകൾ.
കരിവളയമരികിട്ട കണ്ണടച്ചില്ലിൽ
കരിനീലക്കണ്മണികൾ കതിർവീശുവതല്ലിൽ
കരയുന്ന ഹൃദയങ്ങൾ പടിവാതിലിൽ മുട്ടി
കരയുമ്പോളവയൊക്കെ പുഞ്ചിരിയായ് മാറ്റി,
കുടുകുടെക്കുടുകുടെ ചിരിപൊട്ടിപ്പൊട്ടി
പൊടുപെടെക്കരൾകുളിരെ ഫലിതങ്ങൾ തട്ടി,
ഭാവാത്മകരസഭരിത ഗാനങ്ങൾ പാടി
ഭാവനയിൽ നിമിഷങ്ങൾ പൂത്തുവിരിഞ്ഞാടി,
‘കരുണരസം കരകവിയും കഥകളു’മായെന്നും
വരുമങ്ങെന്നോർമ്മകളിൽ നീർച്ചാലുകൾ തുന്നും. (അങ്ങയെ ഓർമ്മിക്കുമ്പോൾ)
