പുതിയ തലമുറ
നീരവനീലാകാശമേഖലകളിൽ, നാളെ
തോരക, നിന്നെക്കൊണ്ടു നർത്തനം ചെയ്യിക്കും ഞാൻ. (എനിക്കു മരണമില്ല)
ഇത്ര അയത്നലളിതമായി സംഗീതസാന്ദ്രമായി ശബ്ദങ്ങളെ കോർത്തിണക്കുവാൻ ഇന്നത്തെ യുവകവികളിൽ എത്രപേർക്കു കഴിയുമെന്നു പരിശോധിച്ചറിയേണ്ടതാണു്. സാധാരണയായി ദ്രാവിഡവൃത്തങ്ങളിൽ മാത്രം നൃത്തംചെയ്തുകൊണ്ടിരിക്കുന്ന കവി പരിമിത പദങ്ങളിണക്കിക്കോർത്തു വിവക്ഷിതത്തെ മുറുക്കമേറിയ സംസ്കൃത വൃത്തത്തിലും അവതരിപ്പിക്കുവാൻ ശക്തനാണെന്നു സർഗ്ഗസംഗീതം മുതലായ കൃതികൾ വിളിച്ചുപറയുന്നു. സർഗ്ഗസംഗീതത്തിലെ പ്രഥമപദ്യംതന്നെ ഇവിടെ ഉദ്ധരിക്കാം:
ആരണ്യാന്തരഗഹ്വരോദരതപഃസ്ഥാനങ്ങളിൽ സൈന്ധവോ-
ദാരശ്യാമമനോഭിരാമപുളിനോപാന്തപ്രദേശങ്ങളിൽ
ആരന്തർമ്മുഖമിപ്രപഞ്ചപരിണാമോത്ഭിന്നസർഗ്ഗക്രിയാ-
സാരം തേടിയലഞ്ഞു പണ്ടവരിലെച്ചൈതന്യമെൻ ദർശനം.
കുറഞ്ഞോരു കാലമായി രാമവർമ്മ സിനിമാഗാനങ്ങൾ നിർമ്മിക്കുന്നതിലാണു കൂടുതൽ വ്യാപൃതനായിക്കാണുന്നതു്.
കൊന്തയും പൂണൂലും, മുളങ്കാടു്, നാടിൻ്റെ നാദം, എനിക്കു മരണമില്ല, എൻ്റെ മാറ്റൊലിക്കവിതകൾ, മാനിഷാദ, പാദമുദ്രകൾ തുടങ്ങിയവയാണ് വയലാറിൻ്റെ മറ്റു കാവ്യസമാഹാരങ്ങൾ. * (1928 മുതൽ 1975 വരെയുള്ള കാലഘട്ടത്തിലാണു രാമവർമ്മ ജീവിച്ചിരുന്നത്.)
