പുതിയ തലമുറ
ഒ. എൻ. വി. കുറുപ്പ്: ‘പൊന്നരിവാൾ’, ‘ആ മലർപ്പൊയ്കയിൽ’ തുടങ്ങിയ ഏതാനും നാടകഗാനങ്ങൾകൊണ്ടുതന്നെ സാധാരണക്കാരുടെ ഇടയിൽ ധാരാളം പേരും പെരുമയും ആർജ്ജിച്ചുകഴിഞ്ഞിട്ടുള്ള ഉൽപതിഷ്ണുവായ ഒരു യുവകവിയാണ് ഒ. എൻ. വി. കുറുപ്പ്. സുകുമാരപദങ്ങൾ നിറഞ്ഞശയ്യ, ഗാനാത്മകമായ ആശയങ്ങൾ ഇവ ഒരോന്നുമൊത്തിണങ്ങിയ ഒ. എൻ. വി.യുടെ കൃതികൾ വയലാറിൻ്റെ കൃതികളോടു പലവിധത്തിലും സാദൃശ്യംവഹിക്കുന്നു.
‘ദാഹിക്കുന്ന പാനപാത്രം’ ഒ. എൻ. വി.യുടെ തെരഞ്ഞെടുക്കപ്പെട്ട കവിതകളുടെ ഒരു സമാഹാരമാണ്. രണ്ടു ഭാഗങ്ങളിലായി നാല്പത്തഞ്ചു കവിതകൾ അടങ്ങിയിരിക്കുന്നു. ഒന്നാംഭാഗത്തിലുള്ള ഏഴും നീണ്ട കവിതകളാണു്. രണ്ടാം ഭാഗത്തിലുള്ളവ ഭാവഗാനങ്ങളുമാണു്. ഒന്നാംഭാഗത്തിലെ ഒന്നാമത്തെ കവിതയാണു് അരിവാളും രാക്കുയിലും. അതു് ഏഴു ഖണ്ഡങ്ങളായി വിഭജിച്ചു വർണ്ണിച്ചിരിക്കുന്നു. ‘മാവേലി നാടുവാണീടും കാലത്തെ അനുസ്മരി’ച്ചു് ആ പഴയ സങ്കല്പസ്വർഗ്ഗത്തിൽക്കൂടി അല്പദൂരം സഞ്ചരിച്ച് ഇതിഹാസ പുരാണങ്ങളുടെ കാലത്തുണ്ടായ അധഃപതനത്തെ ചൂണ്ടിക്കാണിച്ചു് രാജവാഴ്ചയുടെ പ്രതാപത്തോടുകൂടി പഴയ മേന്മകളൊക്കെ തകർന്നു സർവ്വത്ര ഇരുൾ നിറഞ്ഞതായി കാണിച്ചു് ഇതിലെ ആറു ഖണ്ഡങ്ങളും മറയുന്നു.
പടവാളുകൾ പീരങ്കികൾ വിഷബോമ്പുകൾ കാട്ടുമിരുൾ-
പ്പടയുടെ തലകൊയ്യാനണിചേരാമോ?
എന്നുള്ള രാക്കുയിലുകളുടെ ചോദ്യത്തോടുകൂടിയാണു് ഏഴാംഖണ്ഡം ആരംഭിക്കുന്നതു്. ആ ചോദ്യത്തിനുത്തരമായി ആബാലവൃദ്ധം ജനങ്ങൾ അരിവാളെടുത്ത് ഇരുളിനോടു സമരത്തിനു പുറപ്പെടുന്നു. വിപ്ലവവീര്യം വർദ്ധിക്കുന്നു. രാക്കുയിലിനും അരിവാളിനും അഭിമാനം പുലരുന്നു. അങ്ങനെ കാവ്യവും അവസാനിക്കുന്നു.
