പുതിയ തലമുറ
ആ പരാർത്ഥജീവിതം അഭിനന്ദനീയം തന്നെ. നത്തുകൾ, സന്ധ്യയും മഴവില്ലും, ചെങ്കടൽ തുടങ്ങിയ ഭാവഗീതങ്ങളും സവിശേഷം സ്മരണീയങ്ങളാണു്. കവിക്ക് ‘ചോരച്ചെങ്കതിർച്ചുവപ്പുക’ളിലുള്ള അതിരറ്റ പ്രേമം അല്പം കുറയുന്നതുകൊണ്ടു ദോഷമൊന്നും വരാനില്ലെന്നാണു തോന്നുന്നത്.
‘മാറ്റുവിൻ ചട്ടങ്ങളെ’ എന്ന സമാഹാരത്തിൽ ഒൻപതു കവിതകൾ അടങ്ങിയിട്ടുണ്ട്. അവയിൽ ഏററവും സചേതനമായി വർത്തിക്കുന്നതു്, ‘കണ്ണീർ പുരണ്ട മണ്ണു്’ എന്ന കവിതയാണു്. റഷ്യൻ സ്വേച്ഛാധിപനായിരുന്ന സ്റ്റാലിൻ്റെ മരണമാണ് വിഷയം.
ഇന്നലെ ലില്ലിപ്പൂക്കൾ കുഞ്ഞിക്കൺ തുറന്നപ്പോ-
ളെൻ്റെ നൂറ്റാണ്ടിൻവിപ്ലവാചാര്യനുണർന്നീല
ചക്രവാളാന്തത്തോളം മർത്ത്യൻ്റെയദ്ധ്വാനത്തിൻ
മുത്തണിക്കുട തീർത്തു തുള്ളിക്കും വയലുകൾ
ഇന്നലെ തലപൊക്കി നോക്കവേ മനുഷ്യൻ്റെ
ചെന്നിണക്കൊടി തലതാഴ്ത്തി നില്പതായ്ക്കണ്ടു!
ഏതാനും വർഷങ്ങൾക്കിപ്പുറമായി ഒ. എൻ. വി. എഴുതിവരുന്ന കവിതകളിൽ വളരെ മാറ്റങ്ങൾ കണ്ടുവരുന്നുണ്ട്. സമീപകാലത്തു പ്രസിദ്ധപ്പെടുത്തിയിട്ടുള്ള ‘മയിൽപ്പീലി’ എന്ന സമാഹാരം അതിനു് ഉത്തമനിദർശനമാണു്. നവ്യാനുഭൂതിയുടെ മേഖലകളിൽക്കൂടിയുള്ള കവിയുടെ ഉല്ലാസയാത്ര അതിലെ മിക്ക കവിതകളിലും തെളിഞ്ഞുകാണാം. നാലുമണിപ്പൂക്കൾ, ചോറൂണ്, മയിൽപ്പീലി മുതലായ കവിതകൾ പ്രത്യേകം എടുത്തുപറയത്തക്കവയാണ്.
