പുതിയ തലമുറ
പ്രഭാതത്തിൽ വിരിയുകയും ഉച്ചവെയിലിൽ വാടിത്തളരുകയും നാലുമണിയോടെ കൊഴിഞ്ഞു തുടങ്ങുകയുമാണല്ലോ സാധാരണപൂക്കൾ. എന്നാൽ ആ സമയത്തു വിരിയുന്ന നാലുമണിപ്പൂക്കളെ നോക്കി കവി പറയുകയാണ്:
എല്ലാമീപ്പൂമുറ്റത്തു കരിഞ്ഞുപോകേ മണ്ണി-
ന്നല്ലലിൽ പകർന്നൊരു നേരിയ കുളിർപോലെ,
ഫുല്ലമാമൊരു നവോന്മേഷത്തിൽ കതിർപോലെ,
മെല്ലെയിങ്ങൊരു ചെടിച്ചില്ല പൂ ചൂടുന്നല്ലോ!
പുലർച്ചയ്ക്കൊരുനൂറു പൂവുകൾ ചിരിക്കെ,ക്ക-
ണ്ണടച്ചു കിടന്നതാണീ നാലുമണിപ്പൂക്കൾ!
ഉണരാൻ കൂട്ടാക്കീല! തെന്നൽ പുച്ഛിച്ചു: വെറു-
മുണക്കപ്പൂമൊട്ടുകൾ! – അന്തരിന്ദ്രിയങ്ങളാൽ
വെളിച്ചം നുകർന്നും, തൻ തപസ്സിൻ ചൂടാൽ കൊടും-
വെയിൽച്ചൂടിനെ വെന്നും, പുഞ്ചിരിക്കയായിപ്പോൾ!
ഒരു ദുഃഖത്തിൻ വെയിലാറുമെൻ മനസ്സിലു-
മൊരു പൂ വിരിയുന്നു! – പേരിടാനറിയില്ല.
പുരോഗമനവും ജനകീയവും വിപ്ലവവുമൊന്നും പ്രസ്തുത കവിതയിൽ മഷിയിട്ടു നോക്കിയാൽപ്പോലും കാണാൻ കഴിയുകയില്ല. എന്നാൽ മൃദുഭാവബന്ധുരമായ അത് ഹൃദയത്തിൻ്റെ ലോലതന്ത്രികളെ സ്പർശിക്കുമെന്ന് എൻ. കൃഷ്ണപിള്ള പ്രസ്താവിച്ചിട്ടുള്ളതു് അക്ഷരംപ്രതി ശരിയാണു്. “മലയാള കവിതയിൽ വിരിഞ്ഞ രണ്ടു വാടാമലരുകളെന്നു നാലുമണിപ്പൂക്കളേയും ചോറൂണിനേയും ഞാൻ വിവരിക്കുന്നത് സത്യത്തിൻ്റെ ശുഷ്ക്കഭാഷയിലാണു്. അനുഭൂതിയുടെ അഗാധമേഖലയിൽ തൻ്റെ സുവർണ്ണസിംഹാസനം ഈ കവിതകളിൽ ശ്രീ ഒ. എൻ. വി. യിലെ കവി വീണ്ടെടുത്തിരിക്കുന്നു.” എന്നു് അവതാരികയിൽ എൻ. വി. കൃഷ്ണവാര്യർ പ്രസ്താവിച്ചിട്ടുള്ളതും അതിശയോക്തിസ്പർശമില്ലാത്ത ഒരു വാസ്തവ കഥനം മാത്രമാണു്. പ്രതിഭയും ഭാവനയും താരും തളിരുമണിഞ്ഞുനില്ക്കുന്ന ഉത്തിഷ്ഠമാനനായ ഈ പ്രശസ്ത കവിയിൽനിന്നു കൈരളിക്കു പലതും പ്രത്യാശിക്കുവാനവകാശമുണ്ട്.
മുപ്പത്തൊന്നു കവിതകളുടെ സമാഹാരമാണു് ‘അഗ്നിശലഭങ്ങൾ’. ഒ. എൻ. വി.യുടെ ആത്മനിഷ്ഠമായ ഒരു കൃതി. ശൈലീസുഭഗതകൊണ്ടു സുന്ദരമായ കവിതകളുമാണു് അതിലുള്ളതു്.
ഒ. എൻ. വി.യുടെ കൃതികൾ: ഞാൻ നിന്നെ സ്നേഹിക്കുന്നു, ദാഹിക്കുന്ന പാനപാത്രം, മാറ്റുവിൻ ചട്ടങ്ങളെ, ഒരു ദേവതയും രണ്ടു ചക്രവർത്തിമാരും, നീലക്കണ്ണുകൾ, മയിൽപ്പീലി, മരുഭൂമി, ഒരുതുള്ളി വെളിച്ചം, അഗ്നിശലഭങ്ങൾ, അക്ഷരം, കറുത്ത പക്ഷിയുടെ പാട്ട്, ഉപ്പ്, ഗാനമാല, ഗാനമേള മുതലായവയാണു്.
