പുതിയ തലമുറ
അധികാരം കൊയ്യണമാദ്യം നാം
അതിനുമേലാകട്ടെ പൊന്നാര്യൻ എന്നും,
കുഴിവെട്ടി മൂടുക വേദനകൾ
കുതികൊൾക ശക്തിയിലേക്കു നമ്മൾ
എന്നും പാടുകയല്ല, ഗർജ്ജിക്കുകയാണു കവി ചെയ്യുന്നതു്. ശക്തമായ വികാരങ്ങൾ ശക്തമായ ഭാഷയിൽ പ്രകാശിപ്പിക്കുവാൻ ഇടശ്ശേരി സമർത്ഥനാണു്.
‘കറുത്ത ചെട്ടിച്ചികൾ’ എന്ന സമാഹാരത്തിലെ മിക്ക കവിതകളിലും നാം കാണുന്നത് യാഥാർത്ഥ്യങ്ങളുടെ അനുഭവമാണ്. പെങ്ങൾ, വിവാഹസമ്മാനം തുടങ്ങിയ കവിതകൾ ഇടശ്ശേരിയെ ഒരു പ്രശസ്ത കവിയായി വിളംബരം ചെയ്യുവാൻ പോരുന്നവയത്രേ.
കാലേ കുളിച്ചാലോ വേശിയാട്ടം
കാലത്തെണീക്കാഞ്ഞാൽ കള്ളനാട്യം
പോവാതിരുന്നാലുമമ്പലത്തിൽ-
പ്പോയാലുമെപ്പൊഴും മറ്റൊരർത്ഥം.
വിവാഹസമ്മാനത്തിലെ നായിക ‘ബാലയാംനാളിൽ’ ഒരുവനിൽ ഹൃദയമർപ്പിച്ചു. പക്ഷേ, അവളുടെ ദുഷ്കാല വൈഭവത്താൽ അയാൾ അവളുടെ അനുജത്തിയെയാണു പിന്നീടു വിവാഹം ചെയ്തത്. അവൾ ആ ഗൃഹത്തിൽ അധികപ്പറ്റായിത്തീർന്നു. അവളുടെ തല്ക്കാല സ്ഥിതിയാണു മുകളിൽ ചിത്രീകരിച്ചിട്ടുള്ളത്.
