പുതിയ തലമുറ
ഇതു നോക്കുകത്തി എന്ന ഖണ്ഡകാവ്യത്തിൻ്റെ തലക്കുറിപ്പായി ചേർത്തിട്ടിട്ടുള്ള വാക്യങ്ങളാണു്. ദുരന്താത്മകമായ ഒരു പ്രേമകഥയാണിതിൽ വിവരിക്കുന്നതു്. ഒരു ആഢ്യൻ നമ്പൂരിയുവാവു്, വാരിയത്തെ ഒരു യുവതിയെ വേളികഴിച്ച് ഇല്ലത്തു കൊണ്ടുവന്നു കുടിപാർപ്പിക്കുമെന്നായപ്പോൾ പരശുരാമവർഗ്ഗക്കാരായ നമ്പൂരിമാർ അവളെ വധിക്കുകയും അതിൻ്റെ ഫലമായി യുവാവ് ഭ്രാന്തനായിത്തീരുകയും ചെയ്യുന്ന ഒരു കഥ. വർണ്ണനകൾ നന്ന്. പക്ഷേ, ഭാവതീവ്രത പോരാ എന്നു പറയേണ്ടിവരുന്നു. കാവ്യത്തിലെ അവസാനഭാഗം ഇവിടെ കുറിക്കാം:
വള്ളോലിക്കണ്ടത്തിലക്കൊല്ലം…
വയലിൽ കിടന്നൊരു തലയോടു്
വള്ളവപ്പുലയനെടുത്തുവന്നു
വലിയൊരു മുളനാട്ടി വെച്ചു മോളിൽ
വട്ടക്കണ്ണുള്ള നോക്കുകുത്തി
പട്ടാമ്പിപ്പുഴക്കരയിൽ
പാട്ടുപന്തൽപ്പുരയ്ക്കരികിൽ
പത്തുനൂറു കരിമ്പനകൾ
പാർത്തുനില്ക്കും വരമ്പരികിൽ
ഉയരത്തിലുയരത്തിൽ
ഒരു കമ്പിൽത്തലയോടു്!
നാട്ടുവെളിച്ചം എന്ന സമാഹാരത്തിലെ കണ്ണൻ്റെ കഥ സുദീർഘമാണു്… ഒരു പൈതലിൻ്റെ സ്വപ്നമാണതിൽ വർണ്ണിക്കുന്നത് .
കുട്ടിക്കരളുകളിച്ചക്കഥകൾ
തൊട്ടുനുണച്ചു കിടന്നുറങ്ങി
കുന്നിൻചെരുവിൽ കുരുന്നു ഞാന-
ക്കുതുകമെൻ കവിതയിൽക്കരതുന്നി.
അങ്ങനെ അതു നീണ്ടുപോകുന്നു. നാടൻ ചൊല്ലുകൾകൊണ്ട് ‘നാട്ടുവെളിച്ച’ത്തെ കവി കൂടുതൽ പ്രകാശമാനമാക്കിയിട്ടുണ്ട്.
