പുതിയ തലമുറ
എൻ. വി. കൃഷ്ണവാര്യർ : നീണ്ട കവിതകൾ, കറേക്കൂടി നീണ്ട കവിതകൾ, കൊച്ചുതൊമ്മൻ തുടങ്ങിയ സമാഹാരങ്ങളുടെ കർത്താവാണു് കൃഷ്ണവാര്യർ. പ്രാചീന ചരിത്രവിഷയങ്ങളിലേക്കു കടന്നു മനുഷ്യസംസ്കാരത്തിൻ്റെ ആദിമവാഹകന്മാരുമായി ഇടപെട്ടു പുരോഗമനത്തിൻ്റെ ചില സ്ഫുരണങ്ങളെ വെളിപ്പെടുത്തുവാൻ വാര്യർക്കുള്ള കഴിവു് അന്യാദൃശം തന്നെ. നീണ്ട കവിതകളിലെ പഴയ പാട്ടു നോക്കുക. അന്ധവിശ്വാസങ്ങളുടേയും അനാചാരങ്ങളുടേയും ഫലമായി ജനതതി അനുഭവിച്ചിരുന്ന കൊടും യാതനകളുടെ ഏകദേശരൂപമാണ് അതിൽ പ്രകാശിപ്പിക്കുന്നത്. പക്ഷേ, അതിൽ ഒരു വൈകല്യം സംഭവിച്ചുപോയിട്ടുണ്ട്. മലവേടരുടെ ആരാധനാമൂർത്തിയായ ഭദ്രകാളിക്ക് അത്തവണ പതിനാറു പൂക്കണി പോലും കാണാത്ത വേടർക്കരചൻ്റെ പുത്രിയെ ബലിചെയ്യാൻ നിശ്ചയിച്ചപ്പോൾ, അവളിൽ അനുരക്തനായിരുന്ന പൂജാരിയുടെ പുത്രൻ ദേവിക്കെതിരായി ഖഡ്ഗമുയർത്തി തൻ്റെ പ്രേമഭാജനത്തെ രക്ഷിക്കുകയും, അന്ധവിശ്വാസത്തോടും അനാചാരത്തോടും ധീരമായി പോരാടുകയും ചെയ്തിടത്തോളം ഭാഗം പുരോഗമനാത്മകംതന്നെ. എന്നാൽ അക്കൊല്ലത്തെ ഉരുൾപൊട്ടലും നാശങ്ങളും കാളിയുടെ കോപംകൊണ്ടുണ്ടായതാണെന്നു വിശ്വസിപ്പിക്കാൻ ഇടവരുത്തിയതും അന്ധവിശ്വാസത്തിനു പുനഃപ്രതിഷ്ഠനല്കുവാൻ മാത്രമേ ഉപകരിക്കുന്നുള്ളു. തകഴിയുടെ ‘ചെമ്മീനി’ലും ഇത്തരം ഒരപകടം നാം കാണുന്നുണ്ടല്ലോ. രണ്ടിടത്തും ലക്ഷ്യബിന്ദുവിൽ ഉറപ്പിച്ചുനിറുത്തേണ്ട അനുവാചക ഹൃദയത്തെ വികേന്ദ്രീകരിക്കുവാനാണു് ഇടവരുത്തിയിട്ടുള്ളത്. പഴയ ആശയങ്ങളും ആചാരങ്ങളും പുതിയ രൂപത്തിൽ വാർത്തെടുക്കാനുള്ള പരിശ്രമം ഇവിടെ പരാജയപ്പെട്ടിരിക്കുന്നു.
മനുഷ്യൻ പരമ്പരയായി ആചരിച്ചുപോരുന്ന ഓരോന്നിനെപ്പറ്റിയും ബോധപൂർവ്വം ചിന്തിക്കയും, യുക്തിയുക്തം ചർച്ചചെയ്യുകയും ചെയ്യേണ്ടതു് എത്രയും ആവശ്യമാണ്. ജനസമുദായങ്ങളിൽ അത്തരം ചിന്താഗതി ഇന്നും കുറവുതന്നെ. അമ്മാതിരി അലസജീവിതം കൊണ്ടുണ്ടാകുന്ന അധഃപതനത്തെ വ്യക്തമാക്കിക്കാണിക്കുന്നവയാണു് നീണ്ട കവിതകളിലെ പല കൃതികളും, ‘തീവണ്ടിയിലെ പാട്ടു് മുതലായവ പഴയ കഥകളുടെ നൂതനചിന്തകളിൽക്കൂടിയുള്ള പുതിയ പതിപ്പുകളാണെന്നുതന്നെ പറയാം. പഴയ വൃത്തങ്ങളിൽ ചിലതു പുനരുദ്ധരിക്കാനും വാര്യർ ഇവിടെ ശ്രമിച്ചുകാണുന്നുണ്ട് .
