പുതിയ തലമുറ
കഴിവറ്റ അവർ നെഞ്ചിടപൊട്ടി വീണ്ടും പറയുകയാണ്:
വരിക കണ്ണാൽക്കാണാൻ വയ്യാത്തൊരെൻ കണ്ണനേ,
തരസാ നുകർന്നാലും തായതൻ നൈവേദ്യം നീ.
ആ മാതൃഹൃദയത്തിൻ്റെ ദുസ്സഹദുഃഖത്തിൽ ആസ്വാദകൻ്റെ ഹൃദയം ഒരു ഞെട്ടലോടെ കോരിത്തരിച്ചുപോകുന്നു. എന്തൊരു ഭാവോന്മീലനം! എന്തൊരു മാന്ത്രികശക്തി! എന്തൊരു കവികർമ്മമാർമ്മികത്വം! ഇതുപോലെ ഭാവാവിഷ്കരണചതുരതയുള്ള കവികൾ കേരളത്തിൽ ഇന്നെത്രപേരുണ്ട്? കരുണരസം കരകവിയുന്ന ഈ ലഘുകാവ്യം ഒന്നുമാത്രം മതി, മലയാളകാവ്യാന്തരീക്ഷത്തിൽ വൈലോപ്പിള്ളി അനശ്വര യശസ്വിയായി എന്നും ജീവിക്കുവാൻ.
കേരളീയവും ഭാരതീയവും അന്തർദ്ദേശീയവുമായ പല വിഷയങ്ങളെ ആസ്പദമാക്കിയും വൈലോപ്പിള്ളി അനേകം കവിതകൾ നിർമ്മിച്ചിട്ടുണ്ട്. എന്നാൽ കവിധർമ്മത്തെപ്പറ്റി അദ്ദേഹത്തിനുള്ള അഭിപ്രായം സാധാരണ കവികളുടേതിൽ നിന്നു വളരെ ഭിന്നമാണു്. ചരിത്രത്തിൻ്റെ പുരോഗതിയിലും ആധുനിക ശാസ്ത്രത്തിൻ്റെ പ്രവണതയിലും അദ്ദേഹം തികച്ചും വിശ്വസിക്കുന്നു. ഇന്നത്തെ ജീവിതത്തിനു് എന്തെല്ലാം വൈകല്യങ്ങളും വൈരൂപ്യങ്ങളും ഉണ്ടെന്നിരുന്നാലും അത് കഴിഞ്ഞകാലത്തേക്കാൾ സുന്ദരവും ശ്രേയസ്ക്കരവുമാണെന്നത്രേ കവിയുടെ അഭിപ്രായം. ആശകളുടെ സംപ്രാപ്തിക്കുവേണ്ടി മനുഷ്യൻ തളരാതെ സപ്രത്യയം പരിശ്രമിച്ചുപോന്നതിൻ്റെ ഫലമായിട്ടാണു് ഈ വളർച്ച ഉണ്ടായിട്ടുള്ളതെന്നും ഇനിയും ഉണ്ടാകാൻ പോകുന്നതെന്നും അദ്ദേഹം സുദൃഢമായി വിശ്വസിക്കുന്നു. അതിനാൽ മനുഷ്യനിലുള്ള അധമവാസനകളെ ദൂരീകരിച്ച് “എല്ലാ കലകളുടേയും ശാസ്ത്രങ്ങളുടേയും ചരിത്രകഥകളുടേയും ലക്ഷ്യം, അല്ലെങ്കിൽ ഫലം, മനുഷ്യപരമ്പരയിലൂടെയുള്ള സാംസ്കാരിക പരിണാമം ത്വരിതപ്പെടുത്തുക എന്നതാണു് ” എന്നു കവി സ്വയം പ്രഖ്യാപിക്കുകകൂടി ചെയ്യുന്നു.
