പുതിയ തലമുറ
‘നന്നങ്ങാടികൾ’ തുടങ്ങിയ പതിനഞ്ചു കവിതകളുടെ സമാഹാരമാണു് ‘കൊച്ചുതൊമ്മൻ’. കൊച്ചുതൊമ്മൻ എന്ന ഒരു കോളേജുവിദ്യാർത്ഥിയുടെ ചരിത്രമാണ് അതിലെ മുഖ്യകവിത. ആധുനികകാലഘട്ടത്തിൻ്റെ ബാലിശതയും ലാഘവവുമാണു് അതിൽക്കൂടി കവി ധ്വനിപ്പിക്കുന്നത്. ‘അഖിലവസുന്ധര’യായ ആഫ്രിക്കയുടെ പാരതന്ത്ര്യത്തെ പ്രതിപാദിക്കുന്ന കവിത ശ്രദ്ധേയമായ
ഒന്നുതന്നെ. ദേശാഭിമാനത്തെ തട്ടിയുണർത്തുന്ന ഒരു സമരോജ്ജ്വലകവിതയാണത് :
എങ്ങു മനുഷ്യനു ചങ്ങല കൈകളി–ലങ്ങെൻ കയ്യുകൾ നൊന്തീടുകയാ-
ണെങ്ങോ മർദ്ദന,മവിടെ പ്രഹരം–വീഴുവതെൻ്റെ പുറത്താകുന്നൂ;
എങ്ങെഴുനേല്പാൻ പിടയും മാനുഷ,–നവിടെജ്ജീവിച്ചീടുന്നു ഞാൻ,
ഇന്നാഫ്രിക്കയിതെൻനാടവളുടെ–ദുഃഖത്താലേ ഞാൻ കരയുന്നൂ.
ഏതാദൃശഭാഗങ്ങൾ ഏതിൻ്റെ അനുകരണമായിരുന്നാലും ആദരണീയങ്ങൾ തന്നെ. കൊച്ചുതൊമ്മനിലെ ‘ഒരു ഗീതകം’, അസംഭാവ്യതയും അസ്വാഭാവികതയും നിറഞ്ഞ ഒരു കവിതയെന്നേ പറയാവൂ. കേരളീയ ക്രിസ്ത്യാനികളുടെ സാമൂഹ്യജീവിതത്തെപ്പറ്റി കവിക്കുള്ള അജ്ഞത മാത്രമേ ആ കവിത വെളിപ്പെടുത്തുന്നുള്ളൂ. പ്രസ്തുത സമാഹാരത്തിലെ കൃഷ്ണവധം പ്രത്യേകം എടുത്തുപറയത്തക്ക ഒരു കവിതയാണു്. പുരാണ പ്രസിദ്ധമായ കംസവധം ആധുനിക സാഹചര്യങ്ങളുടെ വെളിച്ചത്തിൽ കീഴ്മേൽ മറിച്ചിരിക്കയാണതു്. കംസനും കൃഷ്ണനും സമരരംഗത്ത് ഏറ്റുമുട്ടുന്നതും, കംസൻ കൃഷ്ണനെ സംഹരിക്കുന്നതുമാണ് അതിലെ പ്രമേയം.
