പുതിയ തലമുറ
അക്കിത്തം: അരങ്ങേറ്റമാണു് അക്കിത്തത്തു് അച്യുതൻനമ്പൂതിരിയുടെ ആദ്യത്തെ കൃതി. തുടർന്നു ദേശസേവിക എന്നൊരു ഖണ്ഡകാവ്യം. ദേശീയ സമരത്തിലെ ഒരു യോദ്ധാവിൻ്റെ കാമുകിയായ നായികയുടെ തുടർന്നുള്ള കഥ. സ്നേഹം വിതച്ചവർ മരണം കൊയ്തെടുക്കുന്ന വൈരുദ്ധ്യമാണു് ഈ നായികയുടെ കഥയിൽക്കൂടി വെളിപ്പെടുത്തുന്നത്. അടുത്തുതന്നെ നമ്മുടെ കവി ‘മധുവിധു’വുമായി കാവ്യരംഗത്തേക്കു കടക്കുന്നു.
പ്രേമഗായകൻ മന്നി’ന്നസന്മാർഗ്ഗി’യാമെങ്കിൽ
കോമളേ നശിക്കട്ടെ സന്മാർഗ്ഗം നശിക്കട്ടെ.
അതായിരുന്നു ആ സമാഹാരത്തിൻ്റെ മുദ്രാവാക്യംതന്നെ. ക്രമേണ പ്രേമത്തിൻ്റെ മുരളീഗീതം കുറഞ്ഞുകുറഞ്ഞു ജീവിതത്തിൻ്റെ അന്തർഭാഗത്തേക്കു് ഒട്ടൊക്കെ കടന്നു നോക്കുവാൻ അദ്ദേഹം ശ്രമിക്കുകയായി. ആ യത്നത്തിൽ സ്വസമുദായത്തിൻ്റെ ഉള്ളിലുള്ള പുഴുക്കുത്തുകളെ കണ്ടെത്തുവാനാണു കൂടുതൽ യത്നിച്ചത്. നമ്പൂരി സമുദായത്തിലെ യാഥാസ്ഥിതികത്വത്തിൻ്റെ പതാകയെ പൊളിച്ചു ചീന്തുവാൻ വേണ്ടി അക്കിത്തം ആരംഭത്തിലെഴുതിയ ഒരു കൃതിയാണു് ‘പ്രതികാരദേവത’. വികാരപരവശതയിൽനിന്നു കവി വിചാരപരതയിലേക്കു കടന്നുപോന്നിട്ടുള്ളതിൻ്റെ ഉദാഹരണങ്ങൾ പില്ക്കാലത്തെ കൃതികളിൽ കൂടുതൽ കൂടുതൽ തെളിഞ്ഞു കാണാം.
ഇന്നലെപ്പോയ ഭടൻ്റെ കാല്പാടുകൾ
ചിന്നിയ മണ്ണിൽ ചവിട്ടുകയില്ല ഞാൻ
എന്നും,
ഇല്ല,നുകർത്താവിനില്ല തൻ ജീവിത-
വല്ലരിയിൽ പൂ വിരിഞ്ഞുകാണാൻ വിധി
എന്നും സ്വയം പ്രഖ്യാപനം ചെയ്യുന്ന കവിയുടെ സ്വതന്ത്രമനോഭാവം അഭിനന്ദനീയമാണ്.
