പുതിയ തലമുറ
ഇരുപതാം നൂറ്റാണ്ടിൻ്റെ ഇതിഹാസം – അനുഷ്ടുപ്പു വൃത്തത്തിൽ 190 പദ്യങ്ങൾ അടങ്ങിയ ഈ ലഘുകാവ്യം അക്കിത്തത്തിൻ്റെ മെച്ചപ്പെട്ട കൃതികളിൽ മെച്ചപ്പെട്ട ഒന്നായി കണക്കാക്കേണ്ടിയിരിക്കുന്നു. കേരളത്തിൻ്റെ ആത്മാവു് കഴിഞ്ഞ പത്തിരുപതു വർഷത്തിനുള്ളിൽ എന്തിനെല്ലാം ആശിച്ചുവെന്നും, ഏതെല്ലാം ആശാഭംഗങ്ങളിലൂടെയും വേദനകളിലൂടെയും കടന്നുപോന്നുവെന്നും ചിന്താപരമായ ഈ കാവ്യത്തിൽ കവി ഭംഗിയായി വ്യഞ്ജിപ്പിച്ചിരിക്കുന്നു. കവിത ജീവിതവിമർശനമാണെന്ന അഭിപ്രായം ആദരണീയമെങ്കിൽ ഈ ലഘുകാവ്യം അത്തരത്തിലുള്ള ഒന്നാണെന്നു നിശ്ശങ്കം പ്രസ്താവിക്കാം. ഇതിലെ പ്രമേയം സ്വർഗ്ഗം, നരകം, പാതാളം, ഭൂമി എന്നിങ്ങനെ നാലു ഭാഗങ്ങളായി വിഭജിച്ചിരിക്കുന്നു. ഓരോ ഭാഗവും ജീവിതാനുബന്ധിയായി വർണ്ണിക്കയും ചെയ്തിരിക്കുന്നു. പ്രകൃതിയുടെമേൽ ആധിപത്യം സ്ഥാപിച്ച ഇന്നത്തെ മനുഷ്യൻ്റെ നിലയെ കവി വർണ്ണിക്കുകയാണ്:
‘പുല്ലാണവനു കാന്താരം,–പർവ്വതം പാഴ്മണൽത്തരി,
സമുദ്രമിറവെള്ളം, വി–ണ്ടലമോ കുടവട്ടവും….’
‘കാറ്റിനെ,പ്പരമാണുക്കൾ–ക്കകത്തെദ്ദിവ്യശക്തിയെ
കല്പിച്ചപടി ചെയ്യിപ്പി–തല്പനല്ലാത്ത മാനുഷൻ’
അങ്ങനെ ദിഗ്ജയം നേടി ഉന്നതനായിത്തീർന്നുവെങ്കിലും,
‘നരനെത്തന്നെ മാടാക്കി–പ്പണിയിപ്പൂ നരാധമൻ’
എന്നീ നിലയിൽ അവൻ അധമനായിത്തീരുകയും ചെയ്യുന്നു. അതുതന്നെയോ?
നിരത്തിൽ കാക്കകൊത്തുന്നു–ചത്തപെണ്ണിൻ്റെ കണ്ണുകൾ
മുല ചപ്പിവലിക്കുന്നൂ നരവർഗ്ഗനവാതിഥി
അത്തരത്തിൽ ആധുനിക ജീവിതത്തെ വികൃതമാക്കുന്ന പല വിരോധാഭാസങ്ങളും സോപഹാസം കവി പ്രസ്തുത കൃതിയിൽ വ്യക്തമാക്കിയിരിക്കുന്നു.
