പുതിയ തലമുറ
ഒളപ്പമണ്ണ: ഐശ്വര്യസമൃദ്ധമായ ഒരില്ലത്തു സുഖസൗകര്യങ്ങളോടുകൂടിയാണു് ജീവിച്ചുപോന്നിട്ടുള്ളതെങ്കിലും ചുറ്റുമുള്ളവരുടെ അവശതകളെ നിരീക്ഷിക്കുന്ന ഒരു മനോഭാവം ഒളപ്പമണ്ണ സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാടിൽ ആദ്യംമുതൽക്കേ കാണുന്നുണ്ട്. കവിയുടെ പുരോഗമനസ്വഭാവവും അതുപോലെതന്നെ. ‘ഇലത്താള’ത്തിലെ ‘പിശാചുക്കളുടെ കുട്ടി’യിലും, ‘ആവർത്തന’ത്തിലും മനുഷ്യജീവിതത്തിൽനിന്നു് അടർത്തിയെടുത്ത ചില യാഥാർത്ഥ്യങ്ങളെ കവി പ്രദർശിപ്പിക്കുന്നു. അനീതിയോടുള്ള അമർഷം വികാരത്തിൻ്റെ ഭാഷയിൽ ആ രണ്ടു സംഭവകഥകളിലും കവി മുഴക്കുന്നുമുണ്ട്. പക്ഷേ, ആത്മാർത്ഥതയുടെ ശക്തിയാൽ അനിയന്ത്രിതമായിത്തീരുന്ന വികാരം, അശ്ലീലത്തിൻ്റെ അന്തരീക്ഷത്തിൽക്കൂടിയാണു ബഹുദൂരം സഞ്ചരിക്കുന്നതെന്നും അദ്ദേഹം അറിയുന്നില്ല. ‘റബർവൈഫി’ലെ ‘നറുക്കെടുപ്പി’ൽക്കൂടി പ്രകാശിപ്പിക്കുന്ന സാമൂഹ്യമായ പരിവർത്തന പ്രേരണ ആദരണീയമാണു്. എന്നാൽ അവിടെ നടമാടുന്ന ഉടുപ്പഴിച്ച രൂപങ്ങൾ സഭ്യമല്ലാതെ തീരുന്നു. പ്രസ്തുത സമാഹാരത്തിലെ ‘ ആത്മീയസൗന്ദര്യ’ത്തിൽ, നമ്പൂതിരി സമുദായത്തിലെ സ്ത്രീകളെ വെറും ബലിമൃഗങ്ങളായി വളർത്തുന്നതിൻ്റെ ഹേയതയെ കവി സാനുകമ്പം വ്യക്തമാക്കുന്നു. സാമ്പത്തികവും സാമൂഹ്യവുമായ തുല്യതയുള്ളിടത്തേ യഥാർത്ഥപ്രേമം നിലനില്ക്കുകയുള്ളൂവെന്ന്, തൊഴിലാളരായ രാമനും നീലിയും തമ്മിലുള്ള പ്രേമംവഴി വ്യക്തമാക്കുകയും, മില്ലുടമസ്ഥൻ്റെ നാണ്യത്തിൻ്റെ കള്ളച്ചിരിയെ അവിശ്വസിക്കയും പ്രതിഷേധിക്കയുമാണു് ‘തീത്തൈല’ത്തിൽ കവി ചെയ്യുന്നതു്. വിപ്ലവത്തിൻ്റെ ചില അങ്കുരങ്ങളും അതിൽ ഇല്ലാതില്ല, വളരെ അപൂർവ്വമെങ്കിലും, കൂട്ടുവിവാഹം അഥവാ ബഹുഭർത്തൃത്വം ഇന്നും കേരളത്തിൽ ചില സമുദായങ്ങളിൽ നിലനില്ക്കുന്നതിനേയും, ദാമ്പത്യ ജീവിതത്തിൽ അതുമൂലം വന്നുകൂടുന്ന അസമാധാനത്തെയും സഹാനുഭൂതിയോടുകൂടി കവി ചിത്രീകരിക്കുകയാണു് ‘പാഞ്ചാലി’യിൽ.
