പദ്യസാഹിത്യചരിത്രം. ഇരുപത്തിയേഴദ്ധ്യായം

പുതിയ തലമുറ

ഓമനേ, നിന്നെ മംഗല്യ-
മണിയിക്കേണ്ട കൈയുകൾ,
കഷ്ട,മെങ്ങനെ,യെങ്ങനെ,
നിന്നെയാട്ടിപ്പുറത്താക്കി-
പ്പടിവാതിലടച്ചിടും?
ഇരിക്കെ പിണ്ഡമൂട്ടിടും?

എന്നിങ്ങനെ പിതാവു ചിന്തിക്കുന്ന ഭാഗവും വായിക്കുമ്പോൾ വായനക്കാർ രോമാഞ്ചകഞ്ചുകിതരായിത്തീരുന്നതാണു്. അത്രമാത്രം വിചാരപരവും വികാരപരവുമാണു് ആ ഭാഗങ്ങൾ ഒളപ്പമണ്ണയുടെ മിക്ക കൃതികളുടേയും മുഖ്യലക്ഷ്യം സാമുദായികവും സാമൂഹ്യവുമായ പരിവർത്തനമാണെന്നു പറയേണ്ടതുണ്ട്.

ചവിട്ടാനുയർത്തിയോരുദ്ധതപാദത്തിനു
ചുവട്ടിൽത്തലകാട്ടും–മാബലി പാരമ്പര്യം

ഈ ഉൽപതിഷ്ണുവിൻ്റെ എതിർപ്പിനു വിഷയമാകാതെയുമിരുന്നിട്ടില്ല.

ലളിതമനോഹരമാണു് ഒളപ്പമണ്ണയുടെ ശൈലി. സംഗീതസാന്ദ്രമായ ആ വാണീവിലാസം ആരെയും വശീകൃതരാക്കാൻ പോരുന്നതുമാണ്.

വീണ, കല്പന, കുളമ്പടി, കിലുങ്ങുന്ന കൈയാമം, ദുഃഖമാവുക സുഖം എന്നീ സമാഹാരങ്ങളും അശരീരികൾ എന്ന ഖണ്ഡകാവ്യവുമാണു് ഈ കവിയുടെ ഇതര കൃതികൾ. 1966-ൽ പ്രസിദ്ധീകരിച്ച ‘കഥാകവിതകൾ’ എന്ന കൃതിക്കു് കേരളസാഹിത്യഅക്കാദമിയിൽനിന്നു് കവിക്കു സമ്മാനം ലഭിക്കയുണ്ടായി എന്ന വസ്തുതയും ഇവിടെ പ്രസ്താവയോഗ്യമാണു്.

Leave a Reply

Your email address will not be published. Required fields are marked *