പദ്യസാഹിത്യചരിത്രം. ഇരുപത്തിയേഴദ്ധ്യായം

പുതിയ തലമുറ

നിയമത്തിൻ്റെ, ഇന്നത്തെ സാമൂഹ്യവ്യവസ്ഥയുടെ, രക്ഷയിൽ അനുഭവിക്കാനർ ഹതയുള്ളവർക്കു കൊടുക്കാതെ സമ്പത്തുകൾ കുന്നുകൂട്ടി സുഖലോലുപന്മാരായ ധനികന്മാർ സ്വാർത്ഥംഭരികളായി കഴിയുകയാണെന്നും, ജനങ്ങൾ സംഘടിച്ച് ഇടയ്ക്കുള്ള ആ നിയമത്തിൻ്റെ ചില്ലുവാതിൽ തകർത്താൽ തകരുമെന്നും, ജനസമുദായത്തിൽ ഇന്നു നിലവിലുള്ള ഉച്ചനീചത്വത്തെ എളുപ്പത്തിൽ പരിഹരിക്കാൻ മാർ​ഗ്ഗമതേയുള്ളുവെന്നും, പ്രകടീകരിക്കുന്ന പ്രതിരൂപാത്മകമായ ഒരു വിപ്ലവകവിതയാണത്. യഥാഭാവ്യമായ ഒരു ലോകത്തെ കെട്ടിപ്പടുക്കുവാൻ പ്രേരണനല്കുന്ന ഒരു ഫ്യൂച്ചറിസ്റ്റ് കവിതയാണതെന്നുകൂടി പറയാം.

പൊള്ളത്തരങ്ങളെ പൊളിച്ചുകാട്ടി ‘ക്രൂരസുന്ദരമായ സത്യ’ത്തെ പ്രകാശിപ്പിക്കുന്നതിലാണു് ഈ കവിയുടെ വാസനയും ബുദ്ധിയും മുന്നിട്ടുനില്ക്കുന്നതു്. ‘ഗുരുവായൂർ വൈശാഖം’ എന്ന കവിത അതിനു് ഉത്തമ നിദർശനവുമാണു്.

‘മലയാളിച്ചി’ ഇന്നത്തെ സാമൂഹ്യനീതിയോടുള്ള ഒരു വെല്ലുവിളിയെ മുഴക്കുന്നുണ്ടെങ്കിലും, ആ വെല്ലുവിളിക്കു് അടിസ്ഥാനമില്ലാത്തവിധം അതിൽ പാകപ്പിഴ പറ്റിപ്പോയിട്ടുണ്ട്. അനുജൻ, അക്തേയൻ, പ്രളയം എന്നിങ്ങനെ ഗ്രീക്കു പുരാണസംബന്ധമായ ചില കഥകൾ ഏതാനും വർഷങ്ങൾക്കുമുമ്പു് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എഴുതിക്കണ്ടു. എന്തുകൊണ്ടോ പിന്നീടതു തുടർന്നുകണ്ടില്ല. എഴുത്തച്ഛൻ്റെ പ്രൗഢമനോഹരമായ ആ കിളിപ്പാട്ടുശൈലി ഇദ്ദേഹത്തിനു വളരെ സ്വാധീനമായിട്ടുണ്ടെന്നു പ്രസ്തുത വിവർത്തനങ്ങൾ കൂടുതൽ തെളിവുനല്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *