പുതിയ തലമുറ
സി. ജെ. മണ്ണുമ്മൂട് : നല്ലനല്ല ഭാവഗാനങ്ങൾ എഴുതി കൈരളിയേയും കേരളീയരേയും ആനന്ദപുളകം അണിയിച്ചുകൊണ്ട് ഉത്തരോത്തരം ഉയർന്നുവരുന്ന ഒരു കവികോകിലമാണു് സി. ജെ. മണ്ണുമ്മൂട്. വാസന, ഭാവന, പരിശ്രമം ഇവ മൂന്നും അന്യോന്യരഞ്ജിതമായി കവിയിൽ മേളിച്ചുവാഴുന്നു വ്യാമിശ്രമായിക്കിടക്കുന്ന ഇന്നത്തെ ജീവിതപ്രശ്നങ്ങളേക്കാൾ, ആത്മസംതൃപ്തിക്കു കൂടുതൽ വക നല്കുന്ന പ്രകൃതിവിലാസങ്ങളെ നിരീക്ഷിക്കുവാനും ചിത്രീകരിക്കുവാനുമാണു കവി അത്യധികം താൽപര്യപ്പെടാറുള്ളത്. ഗ്രാമപ്രദേശങ്ങളിലെ പ്രകൃതിസൗന്ദര്യവും, ജനജീവിതവുമായി കവി സാത്മ്യം പ്രാപിച്ചിട്ടുള്ളതിൻ്റെ ഉദാഹരണങ്ങളാണ് അദ്ദേഹത്തിൻ്റെ കൃതികളിൽ അധികമെണ്ണവും എന്നുതന്നെ പറയാം.
എന്നാൽ മറ്റു വിഷയങ്ങളെ അദ്ദേഹം ദർശിക്കയോ സ്പർശിക്കയോ ചെയ്യാതിരുന്നിട്ടുമില്ല. നാനാവിധത്തിലുള്ള ക്ലേശങ്ങൾ അനുഭവിക്കുന്ന ഇന്നാട്ടിലെ ദീനമാനസരെപ്പറ്റി സ്വകൃതികളിൽ പലേടത്തും കവി ഉദ്ഗാനം ചെയ്തിട്ടുണ്ട്. നവമേഖലയിലെ ‘ഇരവിൻ്റെ മക്ക’ളിലും ‘കണ്ണീർക്കണിക’കളിലും ‘കർഷകൻ്റെ കഥ’യിലും ‘ജാലവിദ്യക്കാര’നിലും മറ്റും അവശരും ആർത്തരുമായിക്കഴിയുന്ന ജനതയുടെ ചിത്രങ്ങളാണു നാം കാണുന്നത്. മുന്തിരിത്തോട്ടത്തിലെ ‘ഞാവൽപ്പഴങ്ങ’ളിൽ സഹജമായ മനുഷ്യസ്നേഹബന്ധം സ്വാർത്ഥപരതയാൽ തകർന്നുപോകുന്നതിൻ്റെ ചിത്രം നാം കാണുന്നു. ഇതുപോലെ ജീവിതാനുബന്ധിയായ നാനാവിഷയങ്ങളെ കവി കൈകാര്യം ചെയ്തു കാണുന്നുണ്ട്. ഏതു വിഷയത്തേയും ഹൃദയദ്രവീകരണസമർത്ഥമായി പ്രതിപാദിക്കുവാനുള്ള കഴിവും കവിക്കുണ്ട്.
