പുതിയ തലമുറ
രമണൻ്റെ കർത്താവിനെപ്പോലെ ലളിതകോമള ശബ്ദങ്ങൾ നിരായാസം ഒഴുക്കുവാൻ നിരന്തരാഭ്യാസംമൂലം മണ്ണുമ്മൂട് സുസമർത്ഥനായിത്തീർന്നിരിക്കയാണു്. ‘ചൈത്രോത്സവം’ രമണനെപ്പോലെയുള്ള ഒരു നാടകീയഗാനകാവ്യവുമാണു്. ലളിതസുഭഗമായ ഒരു ശൈലി വ്യക്തിത്വംപൂണ്ട് അദ്ദേഹത്തിൻ്റെ എല്ലാ കാവ്യങ്ങളിലും ഇന്നു വിലസുന്നുണ്ട്. ചില ഉദാഹരണങ്ങൾ ഇവിടെ ഉദ്ധരിക്കാം.
കണ്ണീർക്കണികകൾ കാണുമ്പോഴെൻ
കണ്ണുകളെങ്ങനെ പൊത്തും ഞാൻ
പൊത്തുവതെങ്ങനെ പൊത്തുവതെങ്ങനെ
പൊത്താതെങ്ങനെ നില്ക്കും ഞാൻ (കണ്ണീർക്കണികകൾ)
മീനം പൊന്നുമുരുക്കും മീനം–മാനം വെള്ള വിരിക്കുമ്പോൾ
തങ്കത്താലികൾ പവിഴക്കതിരുകൾ–പങ്കപ്പാഴ്‌വലയണിയുന്നു;
അക്കരയിക്കര പാറിപ്പാറി–പൊൽക്കിളി കളകളമൂതുന്നു;
കതിരു പെറുക്കിക്കുരുവികളോരോ–തരുവിൻ നിറുകയിലേറുന്നു;
തളിരുകൾ ചൂടിയ തരുവിൻ മർമ്മര–മുരളികൾ സ്വാഗതമോതുന്നു. (കൊയ്ത്തുകാരി)
എത്രകണ്ടു പ്രസന്നമധുരമായിരിക്കുന്നു ശൈലി എന്നു നോക്കുക. ഇന്നത്തെ കവിതകൾ അധികവും നാദലക്ഷ്യമായ നഭസ്സിൽ പൊഴിക്കുന്നവയാകയാൽ ശ്രോത്രപേയം മാത്രമാണെന്നുള്ള ആക്ഷേപത്തിനും ഇവിടെ അധികം വകയില്ല. താഴെ ഉദ്ധരിക്കുന്ന വരികൾ നോക്കുക:
മരതകമുത്തണിക്കിങ്ങിണിക-
ളൊരു മലർപ്പന്തലിൽ ചാർത്തിടുമ്പോൾ
നിറമേറും വീഞ്ഞിൻ മണിക്കുലകൾ
നിറകയായ് മുന്തിരിപ്പന്തലെല്ലാം.
ഇത്തരം ചമൽക്കാരജനകങ്ങളായ വരികളും ഈ കവിയുടെ കൃതികളിൽ അത്ര അസുലഭമല്ല.
വനസംഗീതം, കുടിലുകളുടെ ഉത്സവം, നവമേഖല, കണ്ണുനീരിൻ്റെ വാതിൽ, ചൈത്രോത്സവം, മുന്തിരിത്തോട്ടം, ഇണക്കുയിലുകൾ, ചക്രവാളത്തിനപ്പുറം, ദശപുഷ്പങ്ങൾ, അണയാത്ത സ്വപ്നങ്ങൾ, ത്രിവേണി, അക്ഷയപാത്രം, കാലവൃക്ഷം, കതിർക്കിളി തുടങ്ങിയവയാണു് മണ്ണുമ്മൂടിൻ്റെ കൃതികൾ.
