പുതിയ തലമുറ
തിരുനല്ലൂർ കരുണാകരൻ : അറബിക്കടലിൻ്റെ തീരത്തുള്ള സാധുത്തൊഴിലാളികളുടെ ജീവിതവുമായി സാത്മ്യം പ്രാപിച്ചിട്ടുള്ള ഉത്തിഷ്ഠമാനനായ ഒരു കവിയാണ് തിരുനല്ലൂർ കരുണാകരൻ. ആ അദ്ധ്വാനശീലരുടെ പല ചിത്രങ്ങളും അദ്ദേഹം കുറിച്ചിട്ടുണ്ട്. അതിൽ ഒന്നാണു് ‘റാണി’. കരുണാർദ്രമായ ഒരു പ്രണയകഥയാണതു്. തോണിക്കാരനായ നാണുവും, ‘മാലി’യെടുപ്പവളായ റാണിയും വായനക്കാരുടെ ഹൃദയം കവരുന്ന രണ്ടു വ്യക്തികളത്രെ. കവി, കുറിപ്പിൽ കുറിച്ചിട്ടുള്ളതുപോലെ തന്നെ, ജീവിക്കാനാഗ്രഹിക്കുകയും, സർവ്വശക്തിയുമുപയോഗിച്ച് അതിനുവേണ്ടി പരിശ്രമിക്കുകയും, ഒടുവിൽ പരാജയപ്പെട്ടു മണ്ണടിയുകയും ചെയ്ത ഒരു ജീവിതകഥയാണു് – അല്ല, അനേകായിരം അദ്ധ്വാനശീലരുടെ ജീവിതകഥയാണു് – ആ കവിതയ്ക്കുള്ളിൽ ഉള്ളടക്കിയിട്ടുള്ളത്. ഏഴകളുടെ ജീവിതത്തെപ്പറ്റി ചിന്തിക്കുവാൻ ഇത്തരം കവിതകൾ പ്രേരണ നല്കുന്നവതന്നെയാണു്. കരുണാകരൻ്റെ ചേതോഹരമായ കാവ്യശൈലി, കവിതയുടെ ഭാവദീപ്തിയെ കൂടുതൽ കാന്തിമത്താക്കിത്തീർക്കുകയും ചെയ്യുന്നു. രചനയുടെ ഹാരിത കാണിക്കുവാൻ ചില വരികൾ ഉദ്ധരിക്കാം. അഷ്ടമുടിക്കായലിൽ തൊട്ടുള്ള ഒരു തെങ്ങിൻ തുരുത്തിലാണ് റാണിയുടെ താമസം. കവി ആ തുരുത്തിനെ വർണ്ണിക്കുകയാണ്:
ഉച്ചലത് കല്ലോലമാലയിൽച്ചാർത്തിയ
പച്ചപ്പതക്കമായ് തോന്നാം;
റാട്ടുകളെപ്പൊഴുമദ്ധ്വാനശക്തിതൻ
പാട്ടു പാടുന്നതു കേൾക്കാം;
താരിളം കയ്യുകൾ തൊണ്ടു തല്ലുന്നതിൻ
താളവും മേളവും കേൾക്കാം.
നാണു തൻ്റെ കാമിനിയോടു ചെയ്യുന്ന വാഗ്ദാനമാണിത്:
സ്വന്തമായിത്തിരി മണ്ണു വാങ്ങിച്ച-
തിൽ കൊച്ചൊരു കൂരയും കെട്ടി
മാനമായ് നിന്നെ ഞാൻ കൊണ്ടു-
പോവില്ലയോ താലിയും മാലയും കെട്ടി!
തൊഴിൽ സമരങ്ങളിൽ കൂട്ടായി നിന്നുകൊണ്ട്, കോട്ടമെന്നിയേ വളർത്തിയെടുത്ത ഒരു പ്രേമകഥയാണു്. ‘പ്രേമം മധുരമാണു്, ധീരവുമാണു്’ എന്ന കൃതിയിൽ അടങ്ങിട്ടുള്ളതു്. അന്തിമയങ്ങുമ്പോൾ, സൗന്ദര്യത്തിൻ്റെ പടയാളികൾ, മഞ്ഞു തുള്ളികൾ, സമാഗമം, താഷ്കെന്റ് മുതലായവയാണു് കരുണാകരൻ്റെ ഇതര കൃതികൾ. മേഘസന്ദേശത്തെ ദ്രാവിഡ വൃത്തത്തിൽ ഭംഗിയായി വിവർത്തനം ചെയ്തിട്ടുമുണ്ട്.
